ചെങ്ങന്നൂര്‍: പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തിയ സീരിയല്‍ താരം നിമിഷ ബിജോയിക്കെതിരേ വ്യാപക പ്രതിഷേധം. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്.
ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമെന്നാണ് വിമര്‍ശനം.