KeralaNews

സ്‌കൂൾ തുറക്കല്‍ ജൂൺ പത്തിലേക്ക് മാറ്റി; അറിയിപ്പുമായി വിദ്യാഭ്യാസ ഡയറക്‌ടർ

ചെന്നൈ: കനത്ത ചൂട് കാരണം തമിഴ്‌നാട്ടിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. വിദ്യാഭ്യാസ ഡയറക്‌ടർ അറിവൊലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനായിരുന്നു. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും നിലവിലെ തീരുമാനം ബാധകമാണ്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ചൂടിനെ തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റി. പി എം കെ സ്ഥാപകൻ ഡോ. എസ് രാമദാസ്, ടി എം സി (എം) പ്രസിഡന്റ് ജി കെ വാസൻ തുടങ്ങിയ നേതാക്കള്‍ സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടിലെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിൽ 20 ശതമാനം സ്‌കൂളുകളുടെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുതുക്കിയിട്ടില്ല. വിവിധ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാണ് 1500 സ്‌കൂളുകളുടെ അംഗീകാരം പുതുക്കാത്തത്. സ്വകാര്യ സ്കൂളുകൾ കെട്ടിട ലൈസൻസ്, ഫയർ സർട്ടിഫിക്കറ്റ്, ശുചിത്വ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി മൂന്ന് വർഷത്തിലൊരിക്കൽ അംഗീകാരം പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം.

സ്‌കൂൾ കെട്ടിടങ്ങൾക്ക് ഡയറക്‌ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിന്റെ (ഡിടിസിപി) അല്ലെങ്കിൽ ലോക്കൽ പ്ലാനിംഗ് അതോറിറ്റിയുടെ (എൽപിഎ) റെഗുലറൈസേഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് 2016ൽ നിർബന്ധമാക്കിയിരുന്നു. സ്‌കൂളുകളുടെ അംഗീകാരം പുതുക്കുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം.

എന്നാൽ, 20 – 30 വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതത്തോടെ നിർമിച്ച ആയിരക്കണക്കിന് സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഡിടിസിപിയിൽ നിന്നോ എൽപിഎയിൽ നിന്നോ സർട്ടിഫിക്കറ്റ് നേടാനായില്ല. ഇതുകാരണമാണ് അംഗീകാരം അനിശ്ചിതത്വത്തിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button