
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വരാൻ ഇനിയും 15 മാസമുണ്ടെന്നും ഓരോ വിഷയങ്ങളേക്കുറിച്ച് ഇനിയും എഴുതാൻ അവസരമുണ്ടാവുമെന്നും ശശി തരൂർ എം.പി. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദിന പത്രത്തിൽ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഒരു വിഷയത്തേക്കുറിച്ച് ലേഖനമെഴുതി. തന്റെ കയ്യക്ഷരത്തിന് പ്രസക്തിയുണ്ടെങ്കിൽ വേറെ കാര്യങ്ങൾ പറയാൻ ഇനിയും സമയമുണ്ട്. അതേക്കുറിച്ച് ഇന്നുതന്നെ പറയേണ്ട ആവശ്യം കാണുന്നില്ലെന്നും തരൂർ പറഞ്ഞു.
ഇത് ഇത്ര വലിയ വിവാദമായതിൽ തനിക്കുതന്നെ വലിയ അതിശയമുണ്ടെന്ന് ശശി തരൂർ പറഞ്ഞു. ഇതേപോലുള്ള പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നാഴ്ച മുൻപ് കൊച്ചി ചേംബർ ഓഫ് കൊമേഴ്സിൽ പറഞ്ഞപ്പോൾ മാധ്യമങ്ങളാരും ശ്രദ്ധ കൊടുത്തില്ല. ചിലതിൽ റിപ്പോർട്ട് വന്നു. പക്ഷേ വിവാദമാക്കാൻ ആരുമുണ്ടായിരുന്നില്ല.
പക്ഷേ ലേഖനം വന്നപ്പോൾ വലിയ വിവാദമായി. എന്നാൽ ഒരു കാര്യം പറയട്ടേ, കേരളത്തിൽ എല്ലാ മലയാളികൾക്കും ആവശ്യം വികസനമാണ്. ആ വികസനത്തിനുവേണ്ടി ആര് മുൻകയ്യെടുത്താലും നമ്മൾ കൈയടിക്കണമെന്നും തരൂർ പറഞ്ഞു.
രാഷ്ട്രീയത്തിൽ വന്നത് ഒരു ഫുൾടൈം രാഷ്ട്രീയക്കാരനായിട്ടല്ല. അതുകൊണ്ട് എല്ലാക്കാര്യത്തിലും രാഷ്ട്രീയക്കാരനെപ്പോലെ ചിന്തിക്കില്ല. നമ്മൾക്ക് നമ്മുടെ മക്കളെ ഈ സംസ്ഥാനത്തുതന്നെ എടുത്തുവെയ്ക്കണ്ടേ? അതിനിവിടെ തൊഴിൽ സാധ്യതകൾ വേണ്ടേ? അതിനായി പുതിയ ബിസിനസ് സ്ഥാപിക്കണ്ടേ? ആ ബിസിനസിനുവേണ്ടി പുതിയ നിക്ഷേപങ്ങളുണ്ടാവണ്ടേ? ഇതാണ് ഞാൻ പറഞ്ഞതിന്റെ ലോജിക്. ഇത് ഞാൻ 16 വർഷമായി പറയുന്നു. തരൂർ വിശദീകരിച്ചു.
എളമരം കരീം മന്ത്രിയായിരുന്നപ്പോൾ ന്യൂയോർക്കിൽ വന്നപ്പോൾ സ്വന്തം ചിലവിൽ 40 നിക്ഷേപകരെ വിളിച്ച് ഒരു പ്രസന്റേഷൻ അവതരിപ്പിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും അവരോടാവശ്യപ്പെട്ട മലയാളിയാണ് താനെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ അവരാരും കേരളത്തിൽ നിക്ഷേപം ചെയ്യാൻ തയ്യാറായില്ല. അതെന്തുകൊണ്ടാണെന്ന് അവരോട് ചോദിച്ചപ്പോൾ കേരളത്തിലെ സർക്കാരിനെ വിശ്വാസമില്ലെന്നാണ് നിക്ഷേപകർ പറഞ്ഞത്.
കേരളത്തിലേതുപോലെ അറിവും സാക്ഷരതയുമുള്ള ജോലിക്കാരെ എവിടെനിന്നുകിട്ടും എന്ന് ഞാൻ ചോദിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്ന് മലയാളികളായ തൊഴിലാളികളുമായി ക്രോസ് ചെയ്ത് പ്രവർത്തിക്കും, അവിടെ ചുവന്ന കൊടിയുടെ തടസമുണ്ടാവില്ലെന്നാണ് അക്കൂട്ടത്തിലെ ഒരു മലയാളിതന്നെ പറഞ്ഞത്. കേരളത്തിൽ നിക്ഷേപം വരാനുള്ള ബുദ്ധിമുട്ട് ചുവന്ന കൊടി ഉയർത്തിനടക്കുന്ന പാർട്ടിതന്നെ മാറ്റിയത് സ്വീകരിക്കപ്പെടേണ്ട കാര്യമല്ലേ?
അവർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാണെങ്കിൽ വരാൻ പോകുന്ന വർഷങ്ങളിൽ വേറെ ഒരു പാർട്ടി വന്ന് അതിനെ എതിർക്കാതിരിക്കട്ടേ എന്നാണ് ആ ലേഖനത്തിലൂടെ താൻ ചൂണ്ടിക്കാണിച്ചതെന്നും തരൂർ വ്യക്തമാക്കി.