KeralaNews

‘സഖാവിനെ സുരേഷ് ഗോപി വിളിക്കാറുള്ളത് അച്ഛാ എന്നാ, എന്നെ അമ്മേയെന്നും’നിങ്ങക്കല്ലേ രാഷ്ട്രീമെന്ന്‌ ശാരദ ടീച്ചർ

കണ്ണൂർ: സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. സുരേഷ് മുൻപും പലതവണ ഇവിടെ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച് പോയിട്ടുണ്ട്. അദ്ദേഹം നായനാരുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ആത്മബന്ധമാണ് ഉള്ളത്. സുരേഷ് എന്നെ സംബന്ധിച്ച് രാഷ്ട്രീയക്കാരനല്ല, നല്ലൊരു വ്യക്തിയാണ്, ശാരദ ടീച്ചർ പറഞ്ഞു.

‘സഖാവിനോടുള്ള ഇഷ്ടം കൊണ്ടാണ് വരുന്നത്. തുറന്ന മനസാണല്ലോ എന്റെ സഖാവിന്. അല്ലാതെ വേറെ ഒന്നുമില്ലല്ലോ.സുരേഷ് ഗോപി അച്ഛാന്നാ വിളിക്കുവാ. എന്നോട് ഫോൺ ചെയ്യുമ്പോഴൊക്കെ അങ്ങനെയാണ് സംസാരിക്കുന്നത്. അമ്മ എന്നാണ് എന്നെ വിളിക്കുന്നത്. സുരേഷ് നല്ല വ്യക്തിത്വത്തിന് ഉടമാണ്. അല്ലാതെയൊന്നും സുരേഷിനെ എനിക്ക് അറിയില്ല. സഖാവ് മരിച്ചതിന് ശേഷവും വരാറുണ്ട്. ഇവിടെ കണ്ണൂരിൽ വന്നാൽ പ്രഭാത ഭക്ഷണം കഴിക്കാനും ഉച്ചഭക്ഷണം കഴിക്കാനുമൊക്കെ വരും.

സഖാവിന്റെ നിഷ്കളങ്കത അയാൾ എല്ലാത്തിലും കാണുന്നുണ്ടല്ലോ. അവർ രണ്ട് പേരും നേരിൽ കണ്ടാൽ ഒരുപാട് സംസാരിക്കും. പല മുഖ്യമന്ത്രിമാരേയും പരിചയമുണ്ടായിരുന്നുവെങ്കിലും സഖാവിനോട് ഉള്ളത് പോലൊരു അടുപ്പം ആരുമായി ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപി.

സുരേഷ് ഗോപി എംപിയായതിലൊക്കെ സന്തോഷം. സുരേഷ് ഗോപിക്ക് ഒരു ഉപദേശവും കൊടുക്കാനില്ല. ഞാൻ അമ്മയെ ചെന്ന് കാണുമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഇങ്ങോട്ട് വരുന്നത്. ഇതിലൊന്നും രാഷ്ട്രീയമല്ല. രാഷ്ട്രീയവും സ്നേഹവും തമ്മിൽ കൂട്ടിക്കുഴക്കാൻ പാടില്ല.

സുരേഷ് ഗോപിയെ ഞാൻ ആദ്യമായി കാണുന്നത് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ വെച്ചാണ്. സഖാവ് ആളുപത്രിയിൽ കിടക്കുമ്പോഴായിരുന്നു അത്. അദ്ദേഹത്തെ കാണാൻ വന്നതല്ല. നഴ്സ് പറഞ്ഞത് ഈ പാവപ്പെട്ട കുട്ടികൾക്ക് ഓപ്പറേഷന് വേണ്ട സഹായമൊക്കെ ചെയ്ത് കൊടുക്കാൻ അന്വേഷിച്ച് വരുന്നതാണെന്ന്.അങ്ങനെയുള്ള മനസുള്ളവർ ഉണ്ടല്ലോയെന്ന അതിശയമായിരുന്നു എനിക്ക്. അതാണ് സുരേഷ്. ഇതിലൊന്നും രാഷ്ട്രീയം കാണേണ്ടതില്ല. മാധ്യമങ്ങളൊക്കെ സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി കാണുന്നുണ്ടാകും. പക്ഷെ എനിക്ക് സുരേഷ് നല്ലൊരു വ്യക്തിയാണ്’, അവർ പറഞ്ഞു.

കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഇകെ നായനാരുടെ വീട്ടിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button