CrimeHome-bannerKeralaNews

സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ആർഎസ്എസ് (RSS) നേതാവ് സ‌ഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Sanjith Murder Case) മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്

കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം, പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി.

നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊളിക്കാന്‍ നല്‍കിയ കാറിന്‍റെ അവശിഷ്ടങ്ങള്‍ പിന്നീട് തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി.

അതേസമയം, പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈർ വധത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ജില്ലാ നേതാക്കളായ സുചിത്രൻ , ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്യൽ എന്നിവയിൽ ഉൾപ്പെട്ടതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായിയവരുടെ എണ്ണം ഒമ്പതായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker