KeralaNews

കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് തന്റെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്‍ഥ സംസ്‌കാരമെന്ന് സന്ദീപ്

പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയാണ് സന്ദീപ് ജി വാര്യര്‍. ബിജെപി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നു എന്നതുപുറമേ, സി കൃഷ്ണകുമാര്‍ തന്നെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നും സംസ്ഥാന കമ്മിറ്റയംഗമായ സന്ദീപ് ആരോപിച്ചിരുന്നു. തന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചപ്പോള്‍ ജില്ലയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ കാണാന്‍ വരാത്തതിലും സന്ദീപ അനിഷ്ടം അറിയിച്ചിരുന്നു.

ഏറ്റവുമൊടുവില്‍, വി എസ് അച്യുതാനന്ദനെ പുകഴ്ത്തി കൃഷ്ണകുമാറിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പോസ്റ്റ്. സി. കൃഷ്ണകുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് സന്ദീപ് മറുപടിക്കായി ഉപയോഗിക്കുന്നത്. അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറയുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഇത്രയേ ഞാനും പറഞ്ഞുള്ളൂ…’ എന്നാണ് ഫേസ്ബുക് പോസ്റ്റില്‍ സന്ദീപ് പറയുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരിക്കെ, എതിരാളിയായി മത്സരിച്ചാണ് കൃഷ്ണകുമാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അന്ന് തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ രാഷ്ട്രീയ എതിരാളിയായ വി.എസ് തന്റെ വീട്ടില്‍ എത്തിയെന്നും ആശ്വസിപ്പിച്ചെന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ ഇപ്പോഴും ബഹുമാനിക്കുന്ന നേതാവാണ് വി.എസ് എന്നും കൃഷ്ണകുമാര്‍ പറയുന്നു. ഇത് പങ്കുവച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ വിശദീകരണം.

‘വി.എസ് കാണിച്ചത് യഥാര്‍ഥ സംസ്‌കാരം. രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കല്‍പോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാന്‍ ഒരു തടസ്സമാകരുത്. വി.എസിന്റെ സന്ദര്‍ശനം കൃഷ്ണകുമാര്‍ ഏട്ടന്റെ മനസ്സില്‍ ഇന്നും നില്‍ക്കുന്നതിന്റെ കാരണം ആ മുതിര്‍ന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയേ ഞാനും പറഞ്ഞുള്ളൂ’ -എന്നാണ് സന്ദീപിന്റെ കുറിപ്പ്.

കാര്യങ്ങള്‍ മനസ്സിലാക്കി സന്ദീപ് തിരിച്ചുവരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകണമെന്നുമുള്ള ബിജെപി അധ്യക്ഷന്റെ നിര്‍ദേശം സന്ദീപ് വാര്യര്‍ തള്ളിയിരിക്കുകയാണ്. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാര്‍ട്ടിയില്‍ ഇനി തുടരില്ലെന്ന സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് സന്ദീപിന്റെ നീക്കം. അതേ സമയം സന്ദീപ് ഇനിയും നിലപാട് കടുപ്പിച്ചാല്‍ തിരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചാണ് ബിജെപി നേതൃത്വം ചര്‍ച്ച ചെയ്യുന്നത്.

പരാതികളില്‍ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയെന്ന നിര്‍ദ്ദേശം വെറുതെയാണെന്ന് സന്ദീപ് കരുതുന്നു. സുരേന്ദ്രന്‍ ഒന്നയഞ്ഞത് വാതില്‍ ഒറ്റയടിക്ക് കൊട്ടിയടച്ചെന്ന പഴി ഒഴിവാക്കാനാണ്. ഉടന്‍ പരിഹരിക്കേണ്ട പരാതികളൊന്നും സന്ദീപ് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. സന്ദീപ് വാര്യര്‍ പ്രമുഖ നേതാവ് അല്ലെന്നും അദ്ദേഹം ഒരു സ്വാധീനവും തെരഞ്ഞെടുപ്പില്‍ ചെലുത്തില്ലെന്നും കേരള പ്രഭാരി പ്രകാശ് ജാവദേക്കറും വ്യക്തമാക്കിയിട്ടുണ്ട്.

സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയ ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു നേതൃത്വം. എന്നാല്‍ സന്ദീപ് വാര്യര്‍ ആരോപണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിക്കുകയാണ് നേതൃത്വം.

സന്ദീപ് അച്ചടക്ക ലംഘനത്തിന്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫലത്തില്‍ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്. നടപടി എപ്പോള്‍ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ പറയാനാണ് സന്ദീപിന്റെ നീക്കം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആന്റ് സീ എന്ന നയം സുരേന്ദ്രനും മാറ്റും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker