FeaturedHome-bannerKeralaNews

അമ്മ മരിച്ചപ്പോള്‍ റീത്തുവെയ്ക്കാന്‍ പോലും ആരുമെത്തിയില്ല, സമവായമല്ല വേണ്ടത് പരിഹാരമായിരുന്നു; അതിന്റെ സമയം കഴിഞ്ഞു: സന്ദീപ് വാര്യർ

പാലക്കാട്: സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ പ്രത്യേകിച്ച് പാലക്കാട്ടെ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ ഉന്നമിട്ട് കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. അപമാനിതനായതിനാല്‍ പാലക്കാട്ട് പ്രചാരണത്തിനിറങ്ങില്ലെന്നും സി.കൃഷ്ണകുമാര്‍ സ്ഥിരം സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകള്‍ ഉള്‍പ്പെടെ ഒരുപാട് പരിപാടികളില്‍നിന്ന് എന്നെ മാറ്റിനിര്‍ത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികള്‍ എന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍പോലും ഇടംനല്‍കിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയോട് ആത്മാര്‍ഥതയുള്ള ഒരാള്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാകില്ല എന്നത് 2021-ലും ഓര്‍മവേണമായിരുന്നു- കൃഷ്ണകുമാറിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.

ഞാന്‍ നേരിട്ട വിഷമം പാര്‍ട്ടിയിലെ മുതിര്‍ന്ന ആളുകളെ അറിയിച്ചിരുന്നു. അവര്‍ വരും എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ വരുന്നത്. ആശ്വാസവാക്കല്ല, പ്രവര്‍ത്തിക്കണം എന്ന് മാത്രമാണ് അവര്‍ എന്നോട് പറയുന്നത്.എന്നെ സംസ്ഥാന പ്രസിഡന്റ് വിളിച്ചിരുന്നു.

പ്രചാരണത്തിന് ഇറങ്ങണം എന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്. അഞ്ചോ ആറോ ദിവസമായി. പ്രചരണത്തിന് വരണമെന്നതിനപ്പുറം ഏതെങ്കിലും ക്രിയാത്മകമായ നടപടി ഉണ്ടായില്ല. കൃഷ്ണകുമാറിനേക്കാള്‍ പ്രായം കുറഞ്ഞയാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല.

പ്രതികരിക്കാന്‍ കുറേ ദിവസങ്ങളായി സമ്മര്‍ദമുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മൗനം പാലിച്ചു. എന്നാല്‍ ആ മൗനത്തിന് വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്ക് തോന്നി. അസത്യമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്റെ അമ്മ അഞ്ചാറ് വര്‍ഷം കിടപ്പിലായിരുന്നു. ആ സമയത്ത് സംഘത്തിന്റെ കാര്യാലയം നിര്‍മിക്കാനായി അമ്മ സ്ഥലം നല്‍കാന്‍ തയാറായി. എന്നിട്ടും സംസ്ഥാനത്തെ സി. കൃഷ്ണകുമാര്‍ അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ഇവിടെ വന്നില്ല. പാര്‍ട്ടിയുടേതായി ഒരു റീത്ത് പോലും വെച്ചില്ല-അദ്ദേഹം പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker