മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍ ബല്‍ബീര്‍ സിങ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ചെയ്യുന്ന ഉദ്യോഗസ്ഥയെ ഇറക്കിയാണ് പോലീസ് സുഖയെ കുടുക്കിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ അറസ്റ്റാണ് നടന്നതെന്നും പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത ആയുധക്കടത്ത സംബന്ധിച്ച് പ്രാധാനവിവരങ്ങള്‍ ലഭിച്ചുവെന്നും പോലീസ് പറയുന്നു.
ഒരു ഗ്യാങ്സ്റ്റര്‍ സിനിമയെ വെല്ലുന്ന തരത്തിലാണ് ഓപ്പറേഷന്‍ നടന്നതെന്ന് പോലീസ് പറയുന്നു, സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സല്‍മാന്‍ ഖാന്റെ വീടിനുനേരെ ഈ വര്‍ഷം ആദ്യം വെടിവെപ്പ് ഉണ്ടായതോടെയാണ് മുംബൈ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നഹ്വി, ഗൗരവ് ഭാട്ടിയ, വാസിം ചിക്ന, ജാവേദ്, ജോണ്‍ എന്നിവരെ ജൂണില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിഷ്ണോയി സംഘത്തില്‍പെട്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസിന് സല്‍മാനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ചും അതിനായി നിയോഗിക്കപ്പെട്ട സുഖയെക്കുറിച്ചും വിവരം ലഭിച്ചത്.
ഇതിനുപിന്നാലെ സുഖയെ കുടുക്കാന്‍ മുംബൈ പോലീസ് കൃത്യമായ പദ്ധതി തയ്യാറാക്കി. ഉദ്യോഗസ്ഥയെ ഉപയോഗിച്ച് സുഖയെ വലയിലാക്കി ഹോട്ടല്‍മുറിയില്‍ എത്തിച്ചാണ് അറസ്റ്റുചെയ്തത്. ബിഷ്ണോയ് സംഘത്തിന്റെ വിശ്വാസം നേടിയെടുത്ത ഉദ്യോഗസ്ഥ സുഖയുമായി കൂടുതല്‍ അടുപ്പത്തിലായി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായതായി സുഖയെ വിശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥ ഇയാളെ ബുധനാഴ്ച രാത്രി ഹരിയാനയിലെ പാനിപതിലുള്ള ഹോട്ടല്‍ മുറിയില്‍ എത്തിച്ചത്. ശേഷം ഇരുവരും ചേര്‍ന്ന് മദ്യപിച്ചു. സുഖയുടെ ബോധം മറഞ്ഞുതുടങ്ങിയതോടെ ഉദ്യോഗസ്ഥയും നേരത്തേ ഹോട്ടലില്‍ ഒളിച്ചിരിക്കുകയായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിഷ്ണോയ് ഗ്യാങിലെ പ്രധാനിയാണ് സുഖ. സംഘത്തിലെ ഉന്നതരുമായെല്ലാം ഇയാള്‍ക്ക് ബന്ധമുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും പാകിസ്താനിലെ കുപ്രസിദ്ധ ആയുധക്കടത്തുകാരനായ ഡോഗറുമായി സുഖയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അയാളില്‍നിന്നാണ് സല്‍മാനെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ കൊണ്ടുവന്നതെന്നും പോലീസ് മനസിലാക്കി.
പാകിസ്താനില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ആധുധങ്ങളില്‍ എകെ-47, എം-16 തോക്കുകള്‍ എന്നിവയടക്കമുണ്ട്. ബിഷ്ണോയ് നെറ്റ്വര്‍ക്കിലെ പ്രധാനിയും യുഎസിലെ അധോലോകനേതാവുമായ ഗോള്‍ഡി ബ്രാറുമായും സുഖയ്ക്ക് അടുപ്പമുണ്ട്. ഇയാളിലൂടെ ബിഷ്ണോയ് സംഘത്തെ മുഴുവനായും കുടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മുംബൈ പോലീസ്.
ബാബ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ ബിഷ്‌ണോയ് സംഘമാണ് കൊലപ്പെടുത്തിയത്.