KeralaNews

നടീനടന്മാര്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം

ആലപ്പുഴ: മലയാളം സിനിമയിലെ നിര്‍മാതാക്കള്‍ക്കിടയിലെ പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ് സിനിമയെന്നും മത്സരിച്ച് നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ കഥ, ആസ്വാദന രീതി, സംവിധാനം, തിരക്കഥയുടെ മൂല്യം എന്നിവയാണ് ജനങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമാ നിര്‍മാതാക്കള്‍ക്കിടെയില്‍ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

‘പ്രമുഖ സിനിമാ നടീനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതാണ് സിനിമാ നിര്‍മാതാക്കളെ ചൊടിപ്പിച്ചത്. അതല്ല വിഷയം. പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അതിനൊരു മൂല്യമുണ്ട്. ആ പണം അവര്‍ക്ക് കൊടുക്കേണ്ടി വരും. അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല. അവരുടെ സിനിമകളും പലതും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കൊരു മൂല്യമുണ്ട്. അത് അനുസരിച്ച് അവര്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് അതിനനുസരിച്ച് പണം നല്‍കേണ്ടതായി വരും. അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ?

സാമ്പത്തികച്ചെലവ് കുറച്ച് നല്ല സിനിമയെടുത്താല്‍ സിനിമ പരാജയപ്പെടില്ല. ഒടിടി ഉണ്ടെങ്കിലും നേരിട്ട് സിനിമ കാണാന്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്തുന്നില്ലേ? നല്ല അര്‍ത്ഥവത്തായ സിനിമകള്‍ വരട്ടെ. അതിനുവേണ്ട സഹായങ്ങള്‍ നമ്മള്‍ ചെയ്തുകൊടുക്കും. അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം. ആരാണോ പ്രശ്നം സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തും. ബാക്കി അവര്‍ തമ്മിലെ വിഷയങ്ങള്‍ തീരും. ഇതൊക്കെ സിനിമയില്‍ ഉള്ള കാര്യങ്ങളാണ്. വായ് മൂടികെട്ടാനൊന്നും പറ്റില്ല. ചര്‍ച്ചകള്‍ നടക്കണം.

സിനിമാ- സീരിയല്‍ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ നടക്കട്ടെ. കോണ്‍ക്‌ളേവില്‍ ഈ വിഷയങ്ങള്‍ എല്ലാം ചര്‍ച്ചയാവും, പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും’- മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാ സമരവും പ്രഖ്യാപിച്ചു കൊണ്ട് നിര്‍മാതാവ് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഇതിന് മറുപടിയുമായി ആന്റണി പെരുമ്പാവൂരും രംഗത്തുവന്നു.

സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നതോടെയാണ് ഭിന്നിപ്പ് വ്യക്തമായത്. ആന്റണിയ്ക്ക് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം’ എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാര്‍ സിനിമ സമരമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങള്‍ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആര്‍ക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നടന്മാര്‍ നിര്‍മിക്കുന്ന സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇക്കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker