കൊച്ചി: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ്ങോ വെര്‍ച്വല്‍ ബുക്കിങ്ങോ ഇല്ലാതെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ ക്യൂ കോംപ്ലക്‌സുകളില്‍ 24 മണിക്കൂറും ശുചീകരണം നടത്തണം. ക്യൂ കോംപ്ലക്‌സുകളിലെ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനായി മതിയായ ജീവനക്കാരെ നിയോഗിക്കണം. നിലവില്‍ മൂന്നു ഷിഫ്റ്റുകളിലായി 27 ജീവനക്കാരാണുള്ളത്. രണ്ടു ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ നിയോഗിക്കണം.
ക്യൂ കോംപ്ലക്‌സിലും ഇടത്താവളത്തിലും ചുക്കുവെള്ളം, ബിസ്‌കറ്റ് തുടങ്ങിയവ നല്‍കണം. മതിയായ ജീവനക്കാരെ ഇവിടെ നിയോഗിക്കണം. കുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും മതിയായ സൗകര്യങ്ങള്‍ നല്‍കി സുഗമമായ ദര്‍ശനം ഉറപ്പാക്കണം.
നിലയ്ക്കലിലെ 17 പാർക്കിങ് ഗ്രൗണ്ടിലും ഓരോ പൊലീസുകാരനെ വീതം നിയോഗിച്ചിട്ടുണ്ട്. ഈ പാർക്കിങ് സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ പാർക്കിങ് ഗ്രൗണ്ടിൽ നിയോഗിക്കണം. എന്തെങ്കിലും അപര്യാപ്തതയുണ്ടെങ്കിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം. കൂടുതൽ ഫാസ്റ്റ്ടാഗ് സ്കാനറുകൾ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കണം. ശബരിമല ഇടത്താവളങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും അന്നദാനവും ഉറപ്പാക്കണം.
വാഹനങ്ങൾ ളാഹയ്ക്കും നിലയ്ക്കലിനും ഇടയിൽ ഏറെ സമയം പാർക്ക് ചെയ്യേണ്ടി വരുന്നതിനാൽ, ഭക്തർക്ക് ബിസ്കറ്റും ചുക്കുവെള്ളവും നൽകാനും നിർദേശിച്ചു. പത്തനംതിട്ട റോഡിൽ വടശേരിക്കരയ്ക്കും ളാഹയ്ക്കും ഇടയിലും കണ്ണമലയിൽനിന്ന് എരുമേലി റോഡിലേക്കുള്ള പാതയിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി നൽകാനും ദേവസ്വം ബോർഡിന് നിർദേശം നൽകി. കഴിഞ്ഞ തവണത്തേതു പോലെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളജുകളിലെ എൻഎസ്എസ്, എൻസിസി വൊളന്റിയർമാരുടെ സഹായം ഇത്തവണയും ഉറപ്പാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും ഏകോപനം നടത്തണമെന്നും കോടതി പറഞ്ഞു.
സ്പോട്ട് ബുക്കിങ് ദിവസവും പതിനായിരത്തിൽ കൂടുതലെന്ന് എഡിജിപി കോടതിയെ അറിയിച്ചു. നിലയ്ക്കൽ പാർക്കിങ് നിറഞ്ഞു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കുണ്ട്. കേരളത്തിൽ നിന്നാണ് കൂടുതൽ തീർഥാടകർ എത്തുന്നതെന്നും എഡിജിപി പറഞ്ഞു. ശബരിമലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
ശബരിമലയിൽ ഇന്നും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ത്രിവേണി മുതൽ ഗണപതി ക്ഷേത്രം വരെ കടുത്ത വെയിലിലാണ് തീർഥാടകർ ക്യൂവിൽ നിൽക്കുന്നത്. തീർഥാടകർക്ക് വെള്ളം പോലും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഗണപതി ക്ഷേത്രത്തിനടുത്തുനിന്ന് മുകളിലേക്ക് പടികയറുന്നിടത്ത് രാവിലെ ചുക്കുവെള്ളവും ബിസ്കറ്റും വച്ചിരുന്നു. എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളം പോലും കിട്ടുന്നില്ലെന്നും ആരും അന്വേഷിക്കാനുമില്ലെന്നാണ് ആക്ഷേപം.