InternationalNews

റഷ്യന്‍ വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി, സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം

കീവ്: റഷ്യന്‍ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി. എംബസി ജീവനക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ കീവിലെ യു.എസ് പൗരന്മാര്‍ എയര്‍ അലര്‍ട്ട് ഉണ്ടായാല്‍ ഉടന്‍ അഭയം പ്രാപിക്കാന്‍ തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റഷ്യന്‍ വ്യോമാക്രമണങ്ങള്‍ യുക്രെയ്‌നില്‍ സാധാരണ സംഭവമായി മാറിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അസാധാരണമായിരുന്നു. യുക്രേനിയന്‍ ആക്രമണത്തില്‍ യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായി മോസ്‌കോ പുറത്തുവിട്ടതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. യുഎസ് മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണം റഷ്യന്‍ സേന തടത്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നെ റഷ്യയെ ആക്രമിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം നാറ്റോ രാജ്യങ്ങളും യു.എസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമായി യുദ്ധത്തിലാണെന്നാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ തങ്ങള്‍ക്ക് നേരെ ഉയരുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ യുക്രെയ്‌നു നേരെ അടുത്തിടെ വ്യോമാക്രമണം വര്‍ധിപ്പിച്ചിട്ടുമുണ്ട്.

അതേസമയം പുടിന്‍ റഷ്യയുടെ ആണവ നയം തന്നെ മാറ്റിയതോടെ ആണവ യുദ്ധത്തെ എങ്ങനെ നേരിടാം എന്ന ചിന്തയിലേക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. നേര്‍വീജിയന്‍ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പും നോട്ടീസുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതിന് പിന്നാലെ ആണവയുദ്ധത്തിന്റെ നിഴലിലാണ് യൂറോപ്പ്.

ചൊവ്വാഴ്ചയാണ് തങ്ങളുടെ അണ്വായുധങ്ങള്‍ ഉപയോഗിക്കാനുള്ള നയങ്ങള്‍ മയപ്പെടുത്തി പുടിന്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ യുക്രൈന്‍ അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചതും നാറ്റോ രാജ്യങ്ങളടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ വിറപ്പിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിട്ടുണ്ട്.

ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും സ്വീഡന്‍ ഇതിനോടകം യുദ്ധത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ കുറിച്ച ലഘുലേഖകള്‍ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡന്‍ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.

ഒരു സമ്പൂര്‍ണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോര്‍വേ അറിയിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇ-മെയില്‍ അയച്ചാണ് ഡെന്‍മാര്‍ക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാന്‍ മുന്നറിയിപ്പ് നല്‍കിയത്. യുദ്ധം പ്രഖ്യാപിച്ചാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ മെയിലില്‍ പറയുന്നുണ്ട്. ഇത് ശേഖരിച്ചു തുടങ്ങാനാണ് നിര്‍ദേശം.

ഏത് സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടാന്‍ സജ്ജരായിരിക്കുകയാണ് തങ്ങളെന്നാണ് തങ്ങളുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ബ്രോഷറില്‍ ഫിന്‍ലന്‍ഡ് കുറിച്ചത്. അതേസമയം റഷ്യ ആണവ പ്രതിരോധ ഷെല്‍ട്ടറുകളുടെ നിര്‍മാണവും ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മെബൈല്‍ ന്യൂക്ലിയര്‍ ഷെര്‍ട്ടറുകളുടെ ഉല്‍പ്പാദനമാണ് റഷ്യ വര്‍ധിപ്പിക്കുന്നത്. ഇതെല്ലാം റഷ്യയുടെ മുന്നൊരുപ്പായി വിലയിരുത്തുന്നു.

റഷ്യക്കുള്ളില്‍ യുഎസിന്റെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്ക അനുമതി നല്‍കിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്. കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകളാണ് (എടിഎസിഎംഎസ്) യുക്രൈന്‍ പ്രയോഗിച്ചത്. മിസൈലുകള്‍ റഷ്യ നിര്‍വീര്യമാക്കി.

അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യന്‍ മുന്നറിയിപ്പിനിടെയാണ് അമേരിക്കയുടെ മിസൈല്‍ പ്രയോഗാനുവാദം. ബ്രയാന്‍സ്‌ക് മേഖലയിലായിരുന്നു യുക്രൈന്‍ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കന്‍ മിസൈലുകളാണോ എന്ന് യുക്രൈന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കന്‍ മിസൈലുകള്‍ തന്നെയാണെന്നാണ് റഷ്യയുടെ വാദം. ഈ പ്രകോപനത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

ഒരു ആണവശക്തിയുടെ പിന്തുണയോടെയുള്ള ഇതര രാജ്യത്തിന്റെ ആക്രമണം റഷ്യക്കെതിരായ സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും അണ്വായുധം പ്രയോഗിക്കാന്‍ രാജ്യം നിര്‍ബന്ധിതമാവുമെന്നുമാണ് റഷ്യയുടെ പുതുക്കിയ ആണവനയത്തിലെ പ്രാധാന ഭാഗങ്ങളിലൊന്ന്. അതേസമയം യുക്രൈന്‍ -റഷ്യ യുദ്ധം തുടങ്ങിയിട്ട് ആയിരം ദിവസങ്ങള്‍ പിന്നിട്ടുണ്ട്. 2022 ഫെബ്രുവരി 24 പുലര്‍ച്ച നാലിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നടത്തിയ അസാധാരണ വാര്‍ത്തസമ്മേളനത്തിലാണ് അയല്‍രാജ്യമായ യുക്രെയ്നില്‍ സൈനിക ഓപറേഷന്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker