കൊച്ചി:നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരമാര്‍ശിച്ച ആര്‍എസ്എസ് മുഖപത്രം കേസരിയുടെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി ശ്രീനാരായണ സമൂഹം രംഗത്ത്. ഈ മാസം 14ന് പുറത്തിറങ്ങിയ കേസരി മാസികയുടെ ലക്കത്തിനെതിരെയാണ് വിമര്‍ശനം. കെജി സുധീര്‍ ശൂരനാട് എഴുതിയ ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍ എന്ന ലേഖനത്തിലാണ് നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരാമര്‍ശിക്കുന്നത്.
ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പ്രവര്ത്തകന് കൂടിയായ എസ്എന്‍ഡിപി ഭാരവാഹി കേസരിയ്ക്കുമുന്നില് പരാതി ഉന്നയിച്ചിരുന്നു. തന്റെ അറിവോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കി കേസരി പത്രാധിപര്‍ അയച്ച ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിരുന്നു.
വിയോജനക്കുറിപ്പ് നല്കിയാല് വേണമെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന് പത്രാധിപര്‍ പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് എതിര്‍പ്പുമായി ശ്രീനാരായണ സമൂഹം രംഗത്തെത്തിയത്.
ഗുരുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന സവര്ണ്ണകൂട്ടത്തില് നിന്ന് ഈഴവരും തിയ്യരും ഇറങ്ങിപ്പോകണമെന്ന ആഹ്വാനവുമായി ഈഴവ തിയ്യ സഭ ജനറല്‍ സെക്രട്ടറി നെടുമം ജയകുമാര്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. ഗുരുനിന്ദ നടത്തിയ കേസരിയേയും ആര്‍എസ്എസിനേയും ബഹിഷ്കരിക്കണെമെന്നാണ് ഗുരുഭക്തര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുന്നത്.
എന്നാല്‍ കൊവിഡ് കാലമായതിനാല്‍ വിവാദ ലേഖനമുള്ള മുഴുവന്‍ കോപ്പികളും അച്ചടിച്ച് കഴിഞ്ഞില്ലെന്നും വായനക്കാര്‍ക്ക് ഇ മെയിലില്‍ കൈമാറിയ കോപ്പികളിലൂടെയാണ് വിവരം പുറത്തുവന്നതെന്നും എഡിറ്റര്‍ പ്രതികരിച്ചു.