ഡോക്ടറായി ചമഞ്ഞ് 30-ലേറെ പ്രണയങ്ങള്‍, കോടികളുടെ തട്ടിപ്പ്, ഡേറ്റിംഗ് സൈറ്റിലെ റോമിയോ കുടുങ്ങി
ഡോക്ടറാണെന്ന് പറഞ്ഞ് ഡേറ്റിംഗ് സൈറ്റുകളിലൂടെ മുപ്പതിലേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയും അവരില്‍നിന്ന് പല വഴിക്കായി 1.3 മില്യന്‍ ഡോളര്‍ (10 കോടിയിലേറെ രൂപ) തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഡേറ്റിംഗ് തട്ടിപ്പ് വീരന്‍ അകത്തായി. ‘കാസനോവ തട്ടിപ്പുവീരന്‍’ എന്ന് അറിയപ്പെടുന്ന ബ്രയന്‍ ബ്രയിനാര്‍ഡ് വേജ്വര്‍ത്ത് എന്ന 46-കാരനാണ് അമേരിക്കയില്‍ 30 വര്‍ഷം തടവിന് ശിക്ഷപ്പെട്ടത്.
ഡോക്ടര്‍ എന്നു തുടങ്ങുന്ന 20 ലേറെ പേരുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഡേറ്റിംഗ് സൈറ്റുകള്‍ വഴി തട്ടിപ്പു നടത്തിയത്. ഇരകളില്‍നിന്നും പണവും വില പിടിപ്പുള്ള സമ്മാനങ്ങളും കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ കൈക്കലാക്കിയിരുന്നതായി കോടതി രേഖകള്‍ തെളിയിക്കുന്നു.
2016-മുതല്‍ 2021 വരെയാണ് ഇയാള്‍ പ്രമുഖ ഡേറ്റിംഗ് സൈറ്റുകളിലൂടെ തട്ടിപ്പ് നടത്തിയത്. ഡോക്ടറാണെന്ന് പറഞ്ഞ് നിരവധി പേരുകളില്‍ പ്രൊഫൈലുകള്‍ നിര്‍മിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍, ഡ്യൂക് സര്‍വകലാശാല എന്നിങ്ങനെ പ്രമുഖ കോളജുകളിലും സര്‍വകലാശാലകളിലും പഠിച്ചുവെന്ന കഥകളാണ് ഇയാള്‍ തന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
നന്നായി സംസാരിക്കുകയും റൊമാന്റിക്കായി ഇടപെടുകയും ചെയ്തിരുന്ന ഇയാള്‍ പെട്ടെന്ന് തന്നെ ഇരകളുടെ വിശ്വാസ്യത നേടിയെടുക്കും. പല തരത്തിലാണ് ഇയാള്‍ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവരോട് ലോണ്‍ അടക്കാനും മറ്റും സഹായിക്കാമെന്ന് പറയും. സാമ്പത്തിക സഹായം നല്‍കാം എന്ന പേരിലാണ് ഇയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള സ്ത്രീകളാണെങ്കില്‍, താന്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെടും. ഇവരില്‍നിന്നും വിലകൂടിയ സമ്മാനങ്ങളും മറ്റും ഇയാള്‍ കൈക്കലാക്കും. ഇത്തരത്തില്‍, 1.3 മില്യന്‍ ഡോളര്‍ (10 കോടിയിലേറെ രൂപ) വിവിധ സ്ത്രീകളില്‍നിന്നായി ഇയാള്‍ തട്ടിയെടുത്തതായാണ് ഫ്ളോറിഡ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്തെ ഏറ്റവും പ്രശസ്തമായ ഏഴ് ഡേറ്റിംഗ് സൈറ്റുകളില്‍ ഇയാള്‍ക്ക് പല പേരുകളിലായി പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രൊഫൈലുകളിലെല്ലാം ഡോക്ടര്‍ ആയാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. പ്രമുഖ സ്ഥാപനങ്ങളില്‍ പഠിച്ചതായും ഇയാള്‍ അവകാശപ്പെടും. എന്നാല്‍ ഇയാള്‍ ഡോക്ടറല്ല എന്നും അവകാശവാദങ്ങളെല്ലാം കള്ളമായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പൊലീസിന്റെ ഇന്‍ഫോര്‍മര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്നും ഇയാള്‍ ചില സ്ത്രീകളോട് അവകാശപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകളുടെ പേരിലാണ് ഇയാള്‍ക്കെതിരെ പരാതികള്‍ വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഫ് ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ തലാഹസി ഡിസ്ട്രിക്ട് കോടതി ഇയാള്‍ക്ക് വിവിധ കുറ്റങ്ങളിലായി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.