കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച,ദൃശ്യങ്ങള്‍ പുറത്ത് ⛽ kozhikkodu petrol pump theft
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്. അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം.
സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തുകയാണ്. പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി.
ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഒടുവില്‍ ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍നിന്നും സമാന രീതിയില്‍ പണം കവര്‍ന്ന കേസിലെ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ പറവൂര്‍ സ്വദേശി സഹീര്‍ ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രിയിലാണ് എറണാകുളം നോര്‍ത്തിലെ പെട്രോള്‍ പമ്പില്‍ നിന്നും ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളില്‍ പ്രതിയായ പറവൂര്‍ കോട്ടുവള്ളി സ്വദേശി സഹീര്‍ പൊലീസ് പിടിയിലാകുന്നത്.
മുഖം മറച്ചും, ഹെല്‍മെറ്റ് ധരിച്ചെത്തിയുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. പ്രതികള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റിയിരുന്നു. ഇരുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു ഇ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
2016ല്‍ പറവൂര്‍ ബീവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചതിന് സഹീറിനെതിരെ കേസുണ്ട്. 2018ല്‍ കുസാറ്റിലെ വിദ്യാര്‍ഥികളെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.