തിരുവനന്തപുരം : അതിശക്തമായ മഴ തുടരുന്ന കേരളത്തിലെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കത്ത്, മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും, പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാണ് നിലവിലെ തീരുമാനം.
മലമ്പുഴ ഡാം നാളെ തുറക്കും
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ മലമ്പുഴ ഡാം നാളെ രാവിലെ 9 മണിയ്ക്ക് തുറക്കും. കൽപ്പാത്തി, ഭാരതപുഴ, മുക്കൈ പുഴയോരവാസികൾ ജാഗ്രത പാലിക്കണം
കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 60 സെ.മീ ആയി ഉയർത്തും
കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ 50 സെ.മീ ഉയർന്നിരിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 60 സെ.മീ ആയി ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നേക്കും
ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നേക്കും. 822.80 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. 824 മീറ്ററിനു മുകളിൽ എത്തിയാൽ ഷട്ടർ തുറക്കും. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.
തെന്മല ഡാം തുറക്കും
തെന്മല ഡാം നാളെ രാവിലെ 11 മണിക്ക് തുറന്ന് വെള്ളമൊഴുക്കി വിടും. ഡാമിലെ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക.
കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
കല്ലാർകുട്ടി ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ കല്ലാർകുട്ടിക്കും പനം കുട്ടിക്കും ഇടയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. അടിമാലി കുമളി സംസ്ഥാനപാത അപകടാവസ്ഥയിലായി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
പീച്ചി ഡാം തുറന്നു, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
മഴ തുടരുന്ന സാഹചര്യത്തിലും പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതിനാല്‍ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു തുടങ്ങി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളം കയറിയ പുഴബളളം ഭാഗത്തുള്ള വരെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാന്‍ പറഞ്ഞിരിക്കുന്നത്. അങ്കണവാടി, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. ആവശ്യഘട്ടത്തില്‍ ക്യാമ്പ് തുടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.