5 ഡാമുകളിൽ റെഡ് അലർട്ട്; ഇടുക്കി, കക്കി ഡാമുകളിൽ ബ്ലൂ അലർട്ട്
ഇടുക്കി : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങൽകുത്ത്, ഷോളയാർ മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.
തെന്മല ഡാം തുറന്നു
തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5 സെ. മീ വീതം തുറന്നു. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
മലമ്പുഴ ഡാം ഉടൻ തുറക്കില്ല
പാലക്കാട് മഴ കുറഞ്ഞതിനാൽ മലമ്പുഴ ഡാം ഉടൻ തുറക്കില്ല. രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാർ
അതേസമയം,നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ട് അൽപ്പ സമയത്തിനുള്ളിൽ തുറക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്. ‘അണക്കെട്ടിൽ വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം ഏർപ്പെടുത്തണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാൾ കൂടുതൽ ജലം കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂറെങ്കിലും മുന്നറിയിപ്പു നൽകണം. എങ്കിൽ മാത്രമേ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.’- മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.