ഇടുക്കിയിൽ റെഡ് അലർട്ട്, പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ ഡാമുകൾ തുറന്നുവിടുന്നു.പമ്പ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം.
എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.
ഇടുക്കി അണക്കെട്ടും ഇന്ന് പകൽ 11 മണിക്ക് തുറക്കുന്നുണ്ട്. ഇടുക്കിയിൽ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിരിക്കുന്നത്.
അധികൃതർ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാൽ ഇപ്പോൾ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ നിലയല്ല ഉള്ളതെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ പിഎൻ ബൈജു പറഞ്ഞു.