ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. തന്റെ തൊണ്ട അസ്വസ്ഥമാണെന്ന് സിദ്ദിഖിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി അറിയിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. അതെ സമയം കേസിന്റെ അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ജസ്റ്റിസ്മാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചുവെങ്കിലും അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്റെ തൊണ്ട അസ്വസ്ഥം ആണെന്ന് മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് അദ്ദേഹം ആവശ്യപെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സിദ്ദിഖിന് എതിരേ പറയുന്ന പ്രധാന ആരോപണം എന്ന് മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ 2016 ലെ ഫോണ്‍ ഹാജരാക്കണം എന്ന ആവശ്യത്തിലെ പ്രായോഗികതയില്‍ സംശയം പ്രകടിപിച്ചത്.
താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16 ആണെന്ന് ജസ്റ്റിസ് ശര്‍മ്മ അറിയിച്ചു. എന്നാല്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ 15 കടയില്‍ മടക്കി നല്‍കിയ ശേഷമാണ് ഐ ഫോണ്‍ 16 വാങ്ങിയത് എന്നും ശര്‍മ്മ പറഞ്ഞു. അതെ സമയം ആവശ്യപ്പെട്ട സാധനങ്ങള്‍ ഹാജരാക്കിയില്ല എന്നതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് സിദ്ദിഖ് മറുപടി നല്‍കുന്നില്ല എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു. ഫേസ്ബുക്ക് അകൗണ്ട് ഉള്‍പ്പടെ സിദ്ദിഖ് ഡി ആക്ടിവേറ്റ് ചെയ്തിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്, അതിജീവിതക്ക് വേണ്ടി അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരായത്. കേസില്‍ സിദ്ദിഖിന് കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് തുടരും.