വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; ദുബായിലേക്ക് കടന്നത് 24-ന്, സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ
കൊച്ചി: ബലാത്സംഗക്കേസിലുൾപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കിട്ടിയതായും കമ്മിഷണർ പറഞ്ഞു.
ഹോട്ടൽ, ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് തെളിവുശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവും കിട്ടി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരേയും നടപടി സ്വീകരിക്കും.
അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂർത്തിയാക്കി. സിനിമാ മേഖലയിൽ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. വിദേശത്തുനിന്ന് ഇയാൾ തിരിച്ചെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായി മറ്റ് ഏജൻസികളുടെ സഹായം തേടും.
അതിനിടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയോടെ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നേക്കുമെന്ന് അറിയുന്നു. ഇതിനായി മുതിർന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.
ബലാത്സംഗം ചെയ്തുവെന്ന പരാതി വന്നതിനുശേഷം ഇരയ്ക്കെതിരേ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയിട്ടാണ് വിജയ് ബാബു ഒളിവിൽപ്പോയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് നിരവധിതവണ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 22-നാണ് യുവതി വിജയ് ബാബുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.
വിജയ് ബാബു ദുബായിലേക്ക് കടന്നത് 24-നെന്ന് പോലീസ്. കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ദുബായിലേക്ക് കടക്കുകയായിരുന്നു.
പരാതിയില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെത്തി സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കും.നടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനും ആലോചിക്കുന്നുണ്ട്.