തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. ബൗളര്‍മാരുടെ കരുത്തില്‍ ഒരിന്നിങ്സിനും 117 റണ്‍സിനുമാണ് കേരളം യു.പിയെ തോല്‍പിച്ചത്. തലശ്ശേരിക്കാരന്‍ സല്‍മാന്‍ നിസാര്‍ രഞ്ജി മത്സരങ്ങളില്‍ ആയിരം റണ്‍സ് നേട്ടം സ്വന്തമാക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.
സീസണില്‍ ഇത് കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. ഇതോടെ നാലു കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തി. 19 പോയിന്റുള്ള ഹരിയാണയാണ് ഒന്നാമത്.
ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് യു.പിയെ ബൗള്‍ഡാക്കിയ കേരളം സല്‍മാന്‍ നിസാറിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും ബാറ്റിങ് മികവില്‍ 395 റണ്‍സ് നേടി. മൂന്നാം ദിനം ഏതാണ്ട് പൂര്‍ണമായി തന്നെ മഴ വില്ലനായി എത്തിയ രണ്ടാമിന്നിങ്സിലും യു.പി.ക്ക് കേരളത്തിന്റെ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന റണ്‍സ് എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച യു.പിക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മാമവ് കൗശിക്കിനും (78 പന്തില്‍ 36) പ്രിയം ഗാര്‍ഗിനും (24 പന്തില്‍ 22) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 41 റണ്‍സിന് ആറു വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ആദിത്യ സര്‍വാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജലജാണ് മാന്‍ ഓഫ് ദി മാച്ച്. നവംബര്‍ 13 മുതല്‍ രോത്തക്കില്‍ ഹരിയാണയ്ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.