KeralaNews

സുധീരന്റെ രാജി; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവച്ച വി.എം സുധീരന്റെ രാജിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. നേതൃത്വം എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട് പോകുന്ന ഒരു പ്രവര്‍ത്തന ശൈലി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയിലുണ്ടാകേണ്ടത് അനിവാര്യമാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീയകാര്യ സമിതിയില്‍ വളരെയെറേ പ്രയോജനപ്പെട്ടിടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരന്‍ പ്രസിഡന്റായശേഷം എല്ലാവരുമായി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട് പോകാമെന്നും നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു ശനിയാഴ്ചയാണ് രാജിവച്ചത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി പരിഹരിച്ചതിനു പിന്നാലെ സുധീരന്റെ രാജി നേതൃത്വത്തിനു പുതിയ തലവേദനയായത്.

പുതിയ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടിയില്‍ കാര്യമായ കൂടിയാലോചനകള്‍ നടക്കാത്തതില്‍ സുധീരന്‍ അതൃപ്തനാണെന്നു പറയപ്പെടുന്നു. ഇതാണു രാജിയിലേക്കു നയിച്ചതെന്നാണു കരുതപ്പെടുന്നത്. രാജിയെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിക്കാന്‍ സുധീരന്‍ തയാറായില്ല. രാജിയുടെ കാരണം അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചത്. പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുധീരനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button