FeaturedHome-bannerNationalNewsNews

രാജ്കോട്ട് ദുരന്തം:33 പേരുടെ ജീവനെടുത്തത് വെൽഡിങ് മെഷിനിൽനിന്ന് തെറിച്ച തീപ്പൊരി?ദൃശ്യങ്ങൾ പുറത്ത്

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക് വെൽഡിങ് മെഷിനിൽനിന്ന് തീപ്പൊരി തെറിച്ചുവീണ് അ​ഗ്നിബാധയുണ്ടാകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലുടെ ഇതിന് വ്യക്തത ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.

ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള 3000-ത്തിൽ അധികം ലിറ്റർ ഡീസലും പെട്രോളും ഗെയിമിങ് കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഇതിലേക്കാണ് തീപ്പൊരി വീഴുന്നത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ പ്രത്യേക സംഘത്തോട് ​ഗുജറാത്ത് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്.

നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് കേന്ദ്രത്തിലെത്തിയ കുട്ടികളായിരുന്നു അപകടത്തിൽപെട്ടവരിലേറെയും. വാരാന്ത്യമായതുകൊണ്ട് ഗെയിമിങ് കേന്ദ്രത്തിൽ ഓഫറും ഏർപ്പെടുത്തിയിരുന്നു.

ടിക്കറ്റിന് 99 രൂപയായിരുന്നു നിരക്ക്. അതുകൊണ്ട് തന്നെ അവധിയാഘോഷിക്കാൻ ഒട്ടേറെപ്പേരാണ് കുട്ടികൾക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഗെയിമിങ്ങിനായി നിർമിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമരുകായായിരുന്നു. ശക്തമായ കാറ്റുവീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.ഗെയിമിങ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഏഴ് അടി മാത്രം ഉയരത്തിലുള്ള ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗെയിമിങ് കേന്ദ്രത്തിന് മതിയായ ലൈസൻസ് ഇല്ലാതെയൊണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സോളങ്കിയുടെ പേരിൽ പോലീസ് കേസും എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button