തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുതിയുമായി ബന്ധമുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ ആദ്യം ആരംഭിച്ച് സെപ്തംബര്‍ അവസാനം വരെ നീളുന്ന കാലവര്‍ഷക്കാലം, ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷക്കാലം, ഡിസംബര്‍ – ജനുവരി മാസങ്ങളിലെ പൊതുവേ ചൂടുകുറഞ്ഞ കാലാവസ്ഥ, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ വേനല്‍മഴ എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥാ വിന്യാസം. സമതുലിതമായ മഴ, ചൂടുകുറഞ്ഞ കാലാവസ്ഥ എന്നിവമൂലം സംസ്ഥാനത്തിന് ജലക്കമ്മി നേരിടേണ്ടിവരുന്ന അവസ്ഥ താരതമ്യേന വിരളമായിരുന്നു. എന്നാലിപ്പോള്‍ കേരളത്തിന്റെ കാലാവസ്ഥയുടെ താളം തെറ്റിയിരിക്കുകയാണ്.
അനുബന്ധമായി മഴക്കാലത്തിലും മാറ്റങ്ങള്‍ ദൃശ്യമാകുന്നു. മഴപെയ്ത്തിന്റെ സ്വഭാവം മാറി. ഒരു ഋതുവില്‍ കിട്ടേണ്ട മഴ ചിലപ്പോള്‍ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരാഴ്ച കൊണ്ടു പെയ്യേണ്ട മഴ ഒരൊറ്റദിവസം കൊണ്ടു പെയ്യുന്നു. ചിലപ്പോഴാകട്ടെ ഒരു മണിക്കൂറു കൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. കാലവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്‌തൊഴിയുന്ന പ്രവണത വര്‍ദ്ധിക്കുന്നു. മുന്‍കാലങ്ങളില്‍ ഒറ്റദിവസത്തിനുള്ളില്‍ നൂറു മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന അവസരങ്ങള്‍ വിരളമായിരുന്നു.
എന്നാല്‍ സമീപവര്‍ഷങ്ങളില്‍ ഒറ്റദിവസം കൊണ്ട് 200- 400 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യങ്ങള്‍ സാധാരണമാകുന്നു.സംസ്ഥാനത്ത് പലയിടങ്ങളിലും വര്‍ഷകാലത്ത് ലഭിക്കുന്ന മഴ മേഘവിസ്‌ഫോടനം വഴി ലഭിക്കുന്ന മഴയുടെ അതേ പ്രകൃതം പ്രകടിപ്പിക്കുന്നവയാണ്. ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു മണിക്കൂറിനുള്ളില്‍ കൂമ്പാര മേഘങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെട്ട മേഘങ്ങളില്‍ നിന്ന് ലഭിക്കുന്ന അതിശക്ത മഴയാണ് മേഘവിസ്‌ഫോടനം.
എന്നാല്‍ മേഘവിസ്‌ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമേഘങ്ങള്‍ സാധാരണഗതിയില്‍ കാലവര്‍ഷക്കാലത്ത് രൂപം കൊള്ളാറില്ല. ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. മേഘവിസ്‌ഫോടനത്തിന് ഉറവിടമാകുന്നതും ഈ വിഭാഗത്തില്‍പ്പെട്ട മേഘങ്ങളാണ്. മണ്‍സൂണ്‍ കാലത്ത് ഇത്തരം മേഘരൂപീകരണ സാദ്ധ്യത ഇല്ലെന്നുതന്നെ പറയാം. എന്നാലിപ്പോള്‍ ആഗസ്റ്റിലെ മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേള്‍ക്കുന്നു എന്നതില്‍ നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിദ്ധ്യം കാലവര്‍ഷമദ്ധ്യത്തിലും സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.