KeralaNews

കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ

കണ്ണൂർ: കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്.

ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു. ഇതോടെ മഴക്കെടുതിയിൽ ഇന്ന് കേരളത്തിൽ നാലു മരണം സംഭവിച്ചു.

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു.

രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നും നാട്ടുകാര്‍ പറഞ്ഞു.

കനത്ത മഴയിലും കാറ്റിലും കണ്ണൂരിൽ വ്യാപക നാശമുണ്ടായി. ചമ്പാട് മേഖലയിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കണിച്ചാർ കല്ലടിയിൽ തെങ്ങ് വീണ് വീട് തകർന്നു. ഗർഭിണി അടക്കമുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പേരാവൂർ തിരുവോണപ്പുറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് തകർന്നു. കോടിയേരിയിലും മരം വീണ് വീട് തകർന്നു. എളയാവൂരിൽ ദേശീയപാത നിർമാണ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങൾ കടപുഴകി വീണു. ഒരു വർഷം മുമ്പ് മണ്ണിടിഞ്ഞ അതേ സ്ഥലത്താണ് വീണ്ടും അപകടം.

ഇവിടെ സുരക്ഷാഭിത്തി ഇതുവരെ നിർമിച്ചിരുന്നില്ല. കക്കാട് പുഴ കരകവിഞ്ഞതോടെ കക്കാട് മുണ്ടയാട് റോഡ് മുങ്ങിപാലക്കാട് അയിലൂർ മുതുകുന്നിയിൽ തേങ്ങ പെറുക്കുന്നതിനിടെ പുഴയിൽ ഒലിച്ചു പോയ യുവാവിനായി തെരച്ചിൽ തുടരുകയാണ്. പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പെറുക്കുന്നതിനിടെയാണ് 42 കാരനായ രാജേഷ് ഒഴുക്കിൽ പെട്ടത്.

തിരുവേഗപ്പുറയില്‍ തൂതപ്പുഴ കരകവിഞ്ഞു. തിരുവേഗപ്പുറ പുഴയോട് ചേർന്നുള്ള പാര്‍ക്കില്‍ വെള്ളം കയറി. അട്ടപ്പാടിയിൽ ഭവാനി പുഴ കരകവിഞ്ഞു. താവളം പാലം വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ ആലത്തൂർ ഗായത്രി പുഴക്ക് കുറുകെയുള്ള വെങ്ങന്നിയൂർ പൈപ്പ് ലൈൻ പാലം പൊളിഞ്ഞു വീണു. ഒരു വർഷം മുമ്പ് പണിത പാലമാണ് പൊളിഞ്ഞത്.

ചെമ്മണ്ണൂർ പാലവും വെള്ളത്തനടിയിലായി. താവളം മുള്ളി റോഡിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. ആനക്കല്ലിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചെർപ്പുളശ്ശേരി പുത്തനാൽ കാവിനു സമീപം ഉണ്ടായിരുന്ന 10 അടിയോളം വട്ടമുള്ള പൊതുകിണർ രാവിലെ ഇടിഞ്ഞു താഴ്ന്നു. കുളപ്പുള്ളി റൂട്ടിൽ തേനൂർ കോട്ടായി റോഡ് സമീപം മരം പൊട്ടി വീണു. അട്ടപ്പാടി ചോലകാട്ടിൽ വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണു.

ചോലകാട് സ്വദേശിനി ലീലാമ്മയുടെ വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി പോസ്റ്റ്‌ വീണത്. നെല്ലിയാമ്പതി പുലയമ്പാറ – സീതാർകുണ്ട് റോഡിലും വെള്ളം കയറി. കാൽ നാട യാത്ര കാർക്കും വാഹന യാത്ര കാർക്കും യാത്ര ദുരിതമായി.ആളിയാറിൽ വെള്ളം നിറഞ്ഞതിനാൽ മൂലത്തറ റെഗുലേറ്ററിൻറെ ഷട്ടറുകൾ തുറന്നു. ചിറ്റൂ൪ പുഴയോരത്ത് താമസിക്കുന്നവ൪ക്ക് ജാഗ്രതാ നി൪ദേശം നൽകി. ഭാരതപ്പുഴയിൽ നീരൊഴുക്ക് വ൪ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതൽ ഷട്ടറുകളും തുറന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker