കോഴിക്കോട്: പത്തിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നു എന്ന ആരോപണവുമായി കെഎസ്‌യു. ഇന്ന് (18.12.2024 ബുധന്‍) നടന്ന പത്താംക്ലാസ് രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ചോദ്യപ്പേര്‍ ചോര്‍ച്ച നടന്നു എന്ന ആരോപണവുമായി കെ.എസ്.യു. രംഗത്തെത്തിയിരിക്കുന്നത്.
40 മാര്‍ക്കിന്റെ പരീക്ഷയില്‍ 32 മാര്‍ക്കും എം.എസ്. സൊലൂഷന്‍ എന്ന സ്ഥാപനം പ്രവചിച്ചതാണ് എന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എസ്. സൊലൂഷന്‍സിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ക്കാണ് ചോദ്യങ്ങള്‍ നല്‍കിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ കുട്ടികളില്‍ നിന്ന് 1500 രൂപ വീതം ഈടാക്കിയെന്നാണ് വിവരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തിയിരിക്കുന്നതെന്നു കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇന്നലെ രാത്രി എം.എസ്. സൊലൂഷന്‍ നടത്തിയ യൂട്യൂബ് ലൈവ് ക്ലാസില്‍ പരാമര്‍ശിച്ച ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട റാക്കറ്റ് ആണ് ഇതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പിനെ എം.എസ്. സൊലൂഷന്‍സ് ഉടമ സ്വാധീനിച്ചെന്നും ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷണം വേണമെന്നും കെ.എസ്.യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.