കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ചൊവ്വാഴ്ച ഹാജരായിരുന്നില്ല.
ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. നേരത്തേ ഷുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്.
ചോദ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എവിടെ നിന്ന് ആരൊക്കെ ഇതിന് സഹായിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത് . ഒപ്പം അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരുടെ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
ആരോപണങ്ങൾ നേരിടുന്നതിനിടെ അടുത്തിടെ ഷുഹൈബ് യൂട്യൂബ് ചാനലില്‍ വീണ്ടും ലൈവില്‍ എത്തിയിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെയും ലൈവില്‍ ഷുഹൈബ് പരിഹസിച്ചു. എം.എസ്. സൊലൂഷന്‍സ് പുതിയ രണ്ട് യൂട്യൂബ് ചാനലുകള്‍ കൂടി തുടങ്ങുമെന്ന പ്രഖ്യാപനത്തിനൊപ്പം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ നേരിടുമെന്നും ഷുഹൈബ് ലൈവില്‍ പറഞ്ഞിരുന്നു.