സമ്പന്നര്‍ നാടുവിടുന്നത് വിലക്കി; ഉപരോധത്തെ മറികടക്കാന്‍ ഉപായം തേടി റഷ്യ
മോസ്‌കോ: യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളും സംഘടനകളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ റഷ്യയെ രക്ഷിക്കാന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ച് ഭരണകൂടം. വിദേശ കറന്‍സിയായി 10000 ഡോളറില്‍ കൂടുതല്‍ ഉള്ള സമ്പന്നര്‍ രാജ്യം വിട്ടുപോകരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പുടിന്‍ ഒപ്പിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ തുടങ്ങിയവയാണ് പ്രധാനമായി ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേ ആപ്പിള്‍ പോലെയുള്ള കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വിവിധ തലങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് റഷ്യ. ഇതിനെതിരെ റഷ്യയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് പിടിച്ചുനില്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ റഷ്യ തേടിയത്. സമ്പന്നര്‍ നാടുവിട്ട് പോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുടിന്‍ പുതിയ ഉത്തരവ് ഇറക്കിയത്.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് ദക്ഷിണ കൊറിയ വിലക്കേര്‍പ്പെടുത്തി. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി. Sberbank, VEB, PSB, VTB, Otkritie, Sovcom, ovikom എന്നിവയാണ് വിലക്ക് നേരിട്ട ബാങ്കുകളെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്മെന്റ് സിസ്റ്റത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റഷ്യക്കെതിരെ കയറ്റുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഐടി, വ്യോമയാനം, ബഹിരാകാശം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ- വാതക നിര്‍മാതാക്കളിലൊന്നായ എക്സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് എയ്റോസ്പേസ് കമ്പനിയായ ബോയിങും റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ക്ക് താത്ക്കാലികമായി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.