ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷ സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ് നടപടി. സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസ് സെസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
രണ്ട് വർഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച വ്യക്തിയാണ് സെസി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് സെസി സേവ്യർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു.
കോടതിയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.
സിവിൽ കേസുകളിൽ അടക്കം കോടതിക്ക് നേരിട്ട് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അഭിഭാഷക കമ്മീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയിൽ സെസി സേവ്യർ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിലും പ്രവർത്തിച്ചതായി പറയുന്നു. മതിയായ യോഗ്യത ഇല്ലാത്ത ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപടിക്ക് ബാർ കൗൺസിൽ ഒരുങ്ങുന്നത്. കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്.
ബിരുദ സർട്ടിഫക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം – സിപിഐ സംഘടനകൾ തമ്മിലെ ചേരി പോരും ഇവർക്ക് തുണയായി.