കോഴിക്കോട്: പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവർത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എൻ.ജി.ഒ.യൂണിയൻ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്.
ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൾനാസർ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജൻ പുസ്തകത്തിൽ പറഞ്ഞിരുന്നു. മഅദനി രൂപവത്കരിച്ച ഐ.എസ്.എസിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് ആയുധപരിശീലനം നൽകി. പൂന്തുറ കലാപത്തിൽ ഐ.എസ്.എസിനും ആർ.എസ്.എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തിൽ ജയരാജൻ വിശദീകരിക്കുന്നുണ്ട്.
മഅദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് ലഷ്‌കർ ഇ-ത്വയ്ബ ദക്ഷിണേന്ത്യൻ കമാൻഡറായി മാറിയ തടിയന്റവിട നസീർ തീവ്രവാദത്തിലേക്ക് എത്തിയത്. കോയമ്പത്തൂർ സ്ഫോടനത്തിൽ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങൾ വന്നെന്നും ജയരാജൻ പുസ്തകത്തിൽ പറയുന്നു. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർഫ്രണ്ടും തമ്മിൽ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.