KeralaNews

Palakkad bypolls: പുതിയ എം.എൽ.എയെ കണ്ടെത്താൻ പാലക്കാടൻ ജനത പോളിംഗ് ബൂത്തിൽ ; വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു.

ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കണം.

മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡ‍ലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയാണ്. ഇന്നലത്തെ നിശബ്ദ പ്രചാരണവും പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്.

നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.

ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍  ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.

എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker