കൊച്ചി: ഇറാന്‍ കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്തു കേസില്‍ മുഖ്യ കണ്ണിയായ മധുവിന്റെ കൊച്ചിയിലെ വീട്ടില്‍ അന്വേഷകസംഘം തിരച്ചില്‍ നടത്തി. 10 വര്‍ഷമായി ഇയാള്‍ ഇറാനിലാണ്. പിടിയിലായ ഇരുവരുടെയും അക്കൗണ്ടിലേക്ക് മധു പണം അയച്ചതായി കണ്ടെത്തി.
അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സജിത്ത് ശ്യാമിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അവയവക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണം വന്നിരുന്നതായും അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. എന്നാല്‍, രേഖകളൊന്നും ലഭിച്ചില്ല.
റാക്കറ്റ് വഴി വൃക്ക വിറ്റ പാലക്കാട് ജില്ലയിലെ ഷമീര്‍ കോയമ്പത്തൂരിലുള്ളതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ പരിശോധന നടത്തിയെങ്കിലും ഷമീര്‍ അവിടെനിന്ന് മുങ്ങിയതായാണ് വിവരം. പിടിയിലായ സാബിത്ത് തന്റെ വൃക്ക വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അവയവ റാക്കറ്റുമായി അടുപ്പത്തിലാകുന്നതെന്നാണ് സൂചന. തുടര്‍ന്നിയാള്‍ ഇറാനിലെത്തി മധുവിനൊപ്പം പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
കേസില്‍ കൂടുതല്‍പ്പേരെ ചോദ്യംചെയ്തു വരുകയാണ്. സാബിത്തിന്റെയും സജിത്തിന്റെയും ഫോണ്‍വിളിയുടെ രേഖകള്‍ പരിശോധിച്ച് സംശയം തോന്നുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ഒരു വനിതയുള്‍പ്പെടെ ഉള്ളതായാണ് വിവരം. സജിത് ശ്യാമിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.
ഇറാന്‍ കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് കേസില്‍ ദാതാക്കളെയും മുഖ്യ കണ്ണികളെയും തേടി പോലീസ് സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള മൂന്നുപേര്‍ അവയവ റാക്കറ്റിന്റെ ചതിയില്‍പ്പെട്ടതായി വിവരം ലഭിച്ചു.
ഇവരെ കണ്ടെത്താനായി ഒരു സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ദാതാക്കളെ കണ്ടെത്തി അവരെ തട്ടിപ്പ് ബോധ്യപ്പെടുത്തും. സാമ്പത്തിക ഇടപാടുകളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.
കൊച്ചി സ്വദേശി മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാന്‍ കേന്ദ്രീകരിച്ച് നടത്തിയ അവയവക്കച്ചവടത്തിന്റെ മുഖ്യ റാക്കറ്റെന്ന് പോലീസ് കണ്ടെത്തി. സംഘത്തില്‍ ചിലര്‍ ഹൈദരാബാദിലുണ്ട്. ഇവര്‍ക്കായി പോലീസ് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.സംഘാംഗങ്ങളായ സാബിത്ത് നാസര്‍, കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ സ്വദേശി സജിത് ശ്യാം എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.