ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 2382.53 അടിയാണ്. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി
ഡാമുകൾ ഏറെയുള്ള ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ ഇതിനകം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് നിലവിൽ റെഡ് അലേർട്ടുള്ളത്. ഇടുക്കി ഡാമാകട്ടെ ബ്ലൂ അലേർട്ട് പിന്നിട്ട് ഓറഞ്ചിൽ എത്തി നിൽക്കുകയാണ്. ഇടുക്കിയിൽ റെഡ‍് അലർട്ടിലേക്ക് കാര്യങ്ങളെത്തിയാൽ ആശങ്ക കനക്കും.
കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായിട്ടുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വി1, വി5, വി6, വി10 എന്നീ നാല് ഷട്ടറുകൾ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും.
തൃശ്ശൂര്‍
തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പറമ്പിക്കുളത്തുനിന്ന് തുറന്നുവിടുന്ന വെള്ളം അളവ് കുറച്ചതോടെ ചാലക്കുടിയിൽ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. പൊരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളിൽ അപകടനിലയില്ല. ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെ തന്നെയാണ്. നദീതീരങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്.
തൃശൂരിലെ ഡാമുകളിലെ ജലനിരപ്പ്
1. പൊരിങ്ങൽകുത്ത് ഇപ്പോഴത്തെ നില 419.6 മീറ്റർ , പരമാവധി ജലനിരപ്പ് 424 മീറ്റർ.
2. പീച്ചി ഇപ്പോഴത്തെ നില 78.03 മീറ്റർ , പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
3. ചിമ്മിനി ഇപ്പോഴത്തെ നില 74.57 മീറ്റർ , പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
4. വാഴാനി ഇപ്പോഴത്തെ നില 56.74 മീറ്റർ , പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
പാലക്കാട്
പാലക്കാട് മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളും 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ ഭാരതപ്പുഴ, മുക്കൈ പുഴ, കൽപ്പാത്തി പുഴ എന്നിവയുടെ ജലനിരപ്പ് ഉയർന്നു . ഡാമിൻ്റെറൂൾ കർവ് ലെവൽ 112 -.99 മീറ്ററാണ്. എന്നാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്. നിലവിൽ 112. 38 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കാഞ്ഞിരപ്പുഴയിൽ മൂന്നു ഷട്ടറുകൾ തുറന്നിരിക്കുന്നു. മാമംഗലം ഡാമിൽ ആറ് സ്പിൽവേ ഷട്ടറുകളും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. തമിഴ്നാട് ആളിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നിട്ടുണ്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലേർട്ട് ആണ്. എവിടെയും അപകടസാഹചര്യമില്ല, ജാഗ്രത തുടരുന്നു.