കാസർകോട് : കാസർകോട് നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ഹോസ്റ്റലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നങ്ങളാണ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തിന് പിന്നിൽ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. വാർഡനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല എന്നാണ് സഹപാഠികൾ വാർഡനെതിരെ ആരോപണം ഉന്നയിക്കുന്നത്.