പുതുപ്പള്ളിയിലും രാഷ്ട്രീയമായി സമദൂരംതന്നെ, ബിജെപിക്ക് എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത തെറ്റ്- സുകുമാരൻ നായർ
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ്. ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘എന്‍.എസ്.എസ്. ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസ്സിനുള്ളത്. എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ഥമില്ല’, പ്രസ്താവനയില്‍ പറയുന്നു.