തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്‍റെ നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാൻ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവാദപ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വിവാദങ്ങൾ ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന താൻ പിൻവലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വെച്ചുനടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കാരണങ്ങൾ കൊണ്ട് കലോത്സവത്തിന് ഫണ്ടിന് കുറവുണ്ട്. ഏഴ് മിനിറ്റുള്ള നൃത്താവിഷ്കാരം പരിശീലിപ്പിക്കാൻ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യർഥിച്ചപ്പോൾ അഞ്ച് ലക്ഷം രൂപയാണ് എൻ്റെ പേർസണൽ സെക്രട്ടറി രാജീവിനോട് ആവശ്യപ്പെട്ടത്. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഈ വിവാദങ്ങൾ ഒന്നും വേണ്ട. വെഞ്ഞാറമ്മൂടിൽ നടത്തിയ പ്രസ്താവന ഞാൻ പിൻവലിക്കുന്നു’, ശിവൻകുട്ടി പറഞ്ഞു.
കലോത്സവത്തിലേയ്ക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടുവരാൻ സെലിബ്രിറ്റികളെ കൊണ്ടുവരാനാണ് തീരുമാനം. കുട്ടികൾക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ലക്ഷ്യം. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശ ശരത്ത് തുടങ്ങിയവർ പങ്കെടുത്തിരുന്നു. കോഴിക്കോട് കെ.എസ്. ചിത്ര പങ്കെടുത്തു. കഴിഞ്ഞദിവസം വെഞ്ഞാറമ്മൂട് നാടകോത്സവത്തിന്റെ സമാപന ചടങ്ങിൽ സുധീർ കരമന, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ കലാകാരന്മാർ ഉണ്ടായിരുന്നു. ലോകത്ത് എവിടെയാണെങ്കിലും സുരാജ് നാടകോത്സവത്തിന് എത്തുമെന്ന് ഒരു കലാകാരൻ പറഞ്ഞു. നാടകത്തോടുള്ള ഇഷ്ടം കൊണ്ടാണിത്. എല്ലാ സെലിബ്രിറ്റികളും ഇത് പിന്തുടരുന്നത് നല്ലതാണെന്ന് താൻ പറഞ്ഞു, ശിവൻകുട്ടി കൂട്ടിച്ചേർത്തു.