FeaturedHome-bannerKeralaNews

സ്കൂൾ വിനോദയാത്രയിൽ രാത്രിയാത്ര ഒഴിവാക്കണം, ഉത്തരവാദിത്വം സ്ഥാപനമേധാവിക്ക്- മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങള്‍ പ്രധാനാധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്രപോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button