തിരുവനന്തപുരം : വാടക ഗർഭധാരണം ഇനി കേരളത്തിൽ കൂടുതൽ എളുപ്പമായി നടക്കും. സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഒമ്പത് ജില്ലകളിലായിട്ടാണ് 22 സ്വകാര്യ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നിയമ വിരുദ്ധ വാടക ഗർഭധാരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
വാടക ഗർഭധാരണത്തിന് താല്പര്യമുള്ള ദമ്പതികൾക്ക് നിയമപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് കൂടുതൽ വാടക ഗർഭധാരണ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നേരത്തെ കൃത്രിമ ഗർഭധാരണം നടത്താൻ സഹായിച്ചിരുന്ന ചില ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇവരിൽ പലർക്കും ആവശ്യമായ സുരക്ഷാ സൗകര്യങ്ങളോ അംഗീകാരങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രജിസ്ട്രേഷൻ നടപടികൾ ശക്തമാക്കിയിരുന്നു.
അഞ്ച് ജില്ലകളിലായി 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾ ആണ് ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. അംഗീകാരം ലഭിക്കുന്നതിനായി എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമർപ്പിച്ച സ്ഥാപനങ്ങൾ പരിശോധിച്ചാണ് അംഗീകാരം നൽകുക. തിരുവനന്തപുരം – 4, കൊല്ലം – 1, പത്തനംതിട്ട – 1, ആലപ്പുഴ – 2, എറണാകുളം – 7, തൃശൂർ – 3, മലപ്പുറം – 1 , കോഴിക്കോട് – 1, കാസർകോട് – 2 എന്നിങ്ങനെയാണ് വാടകഗർഭധാരണ ക്ലിനിക്കുകൾക്ക് അംഗീകാരം നൽകുക.