InternationalNews

‘ലബനനിലെ പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍’ തുറന്നു പറഞ്ഞ്‌ നെതന്യാഹു; ഗാസയിലും ലെബനനിലും ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു

ടെല്‍ അവീവ്: സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.

2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു. ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഇസ്രയേലിന് യു.എസ്. നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്.

ഗാസയിലെ ജബലിയയില്‍ ഒരുവീടിനുനേരെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 13 കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചെന്ന് അധികൃതര്‍ പറഞ്ഞു. മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഗാസാ സിറ്റിയിലെ സബ്രയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേരും മരിച്ചു. ഹമാസ് വീണ്ടും സംഘടിക്കുന്നെന്ന് പറഞ്ഞാണ് ഒക്ടോബര്‍ ആറിന് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. വടക്കന്‍ ഗാസയെ ഇസ്രയേല്‍ ഉപരോധിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഒക്ടോബര്‍ 15-ന് യു.എസ്. ഇസ്രയേലിനു നല്‍കിയ 30 ദിവസത്തെ സമയപരിധി ബുധനാഴ്ച അവസാനിക്കും. വിതരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സൈനികസഹായത്തിനുള്ള തുക പിടിച്ചുവെക്കുമെന്നാണ് യു.എസിന്റെ ഭീഷണി. വടക്കന്‍ ഗാസയില്‍ ക്ഷാമം ആസന്നമാണെന്ന് ലോകാരോഗ്യസംഘടന ശനിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ഇരുപക്ഷവും കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകളുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍ അറിയിച്ചു.

ജെബീല്‍ ജില്ലയിലെ അല്‍മാട് ഗ്രാമത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു കുട്ടികളുള്‍പ്പെടെ 20 ലെബനന്‍കാര്‍ മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ അവസാനം മുതലാണ് ലെബനനിലെ ഹിസ്ബുള്ളയ്ക്കുനേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതേസമയം ഗസ്സ യുദ്ധം 400 ദിനം പിന്നിട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും യുദ്ധത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

ലബനാനിലെ ടയെര്‍, റാസ് അല്‍ ഐന്‍, നബാതിയ, ബെക്ക, ബിന്‍ത് ജബൈല്‍, ഹനാവി, ഹോഷ്, മജ്ദല്‍ സൂന്‍, ദാഹിറ എന്നിവിടങ്ങളിലും ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. ഗസ്സയില്‍ ഇതുവരെ 43,603 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,02,929 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വടക്കന്‍ ഗസ്സയെ പൂര്‍ണമായി വാസയോഗ്യമല്ലാതാക്കുന്ന ആക്രമണമാണ് തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നു.

വീടുകളും ജലസ്രോതസ്സുകളും റോഡുകളും തകര്‍ക്കുന്നു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് എഡിറ്റോറിയലില്‍ എഴുതി. അതിനിടെ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഈജിപ്ത് വ്യക്തമാക്കി. തങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണെങ്കിലും ഇരുപക്ഷവും ഗൗരവപൂര്‍വം സന്നദ്ധമാവുകയാണെങ്കില്‍ വീണ്ടും ഇടപെടാന്‍ തയാറാണെന്നാണ് ഖത്തര്‍ നിലപാട്.

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ പോകുന്ന ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതും നേരിയ പ്രതീക്ഷ ബാക്കിയാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker