CrimeKeralaNews

പതിനാലുകാരന്റെ കണ്ണ് അയൽവാസി അടിച്ചു തകർത്തു

ആലപ്പുഴ: പതിനാലുകാരന്റെ കണ്ണ് അയൽവാസി അടിച്ചു തകർത്തു. ആലപ്പുഴ തൃക്കുന്നപുഴ പല്ലനയിലാണ് സംഭവം. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിന്റെ കണ്ണിന് അയൽവാസിയുടെ മർദനത്തിൽ സാരമായ പരിക്കേറ്റു. തന്റെ പേരക്കുട്ടികളെ കളിക്കാൻ ഒപ്പം കൂട്ടിയെന്ന് ആരോപിച്ചാണ് അയൽവാസി ശാരങ്ധരൻ കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കാഴ്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് സംശയം. വണ്ടാനം മെഡിക്കൽ കോളേജിൽ വിശദമായ പരിശോധന നടക്കും.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശാരങ്ധരൻ ഇവിടേക്ക് എത്തി തന്റെ പേരക്കുട്ടികളെ വഴക്ക് പറഞ്ഞ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തിരികെ എത്തിയ ശേഷം ശാരങ്ധരൻ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സാധനങ്ങൾ കൈക്കലാക്കി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കളിസാധനങ്ങൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടപ്പോൾ അരുൺകുമാറിനെ ഇയാൾ മർദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അവിടെ നിന്ന് ചാടി മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മർദനം. ഇതിലാണ് കണ്ണിന് സാരമായി പരിക്കേറ്റത്.

അടി കിട്ടിയതിനെ തുടർന്ന് വീങ്ങിയ കണ്ണുമായി കുട്ടി വീട്ടിലേക്ക് ഓടുകയായിരുന്നു. കുട്ടിയുടെ കണ്ണിന്റെ അവസ്ഥ കണ്ട് അച്ഛൻ അനിൽകുമാർ കാര്യം തിരക്കിയപ്പോഴാണ് മർദനത്തിന്റെ കാര്യം അറിയുന്നത്. ഉടനെ തന്നെ കുട്ടിയെ അനിൽകുമാർ ഹരിപ്പാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വണ്ടാനത്തേക്ക് കൊണ്ട് പോകാൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് വിശദമായ പരിശോധനയ്ക്ക് എത്താൻ നിർദേശിച്ചിരിക്കുന്നത്.

ഹരിപ്പാട് പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ കണ്ണിലെ പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിലാണ് വീട്ടുകാർ. ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പോയ ശേഷവും വൈകിയാണ് എത്തിയത്. കുട്ടിയുടെ ഇടത് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റതിനാൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വീട്ടുകാർ. വിശദമായ പരിശോധനയ്ക്കുശേഷം പോലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker