കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ ഹാജരാക്കാന്‍ തയ്യാറാണെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ കോടതിയെ അറിയിച്ചു. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കലക്ടര്‍ നിലപാട് വ്യക്തമാക്കിയത്.
കേസില്‍ കക്ഷിയല്ലാത്ത സാഹചര്യത്തില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് കാണിച്ചു കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന് നോട്ടിസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കലക്ടര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചത്.
എന്നാല്‍ പെട്രോള്‍ പമ്പ് സംരംഭകനും എഡി. എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തന്റെ മറുപടി ഇതുവരെ കോടതിക്ക് ലഭിച്ചിട്ടില്ല. ഈ മാസം 15 ന് മഞ്ജുഷയുടെ ഹര്‍ജിയില്‍ കോടതി വിധി പറയും. കേസിലെ ഒന്നാം പ്രതിയും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് സംരഭകന്‍ ടി.വി പ്രശാന്തന്‍ എന്നിവരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും കേസിലെ ഡിജിറ്റല്‍ തെളിവുകളായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയത്.
തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പൊലിസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യാത്രയയപ്പ് സമ്മേളനത്തിനിടെ പി.പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവായി പരിഗണിക്കുന്നുണ്ട്.