കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഭിഭാഷകന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല പോകുന്നത് എന്ന് വെളിവാകുന്ന സമയത്ത് സിബിഐ അന്വേഷണം ആവശ്യപ്പെടും. പ്രശാന്തന്‍ ഒരു സർക്കാർ ജീവനക്കാരനാണ്. അദ്ദേഹത്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് തുടങ്ങാൻ പറ്റുക? ആ കാരണത്താലാണല്ലോ അദ്ദേഹത്തെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒരാൾക്ക് പെട്രോൾ പമ്പിന് അനുമതി നൽകണം എന്ന് പ്രതിക്ക് എങ്ങനയാണ് പറയാൻ പറ്റുക – അഭിഭാഷകൻ ചോദിച്ചു.
അന്വേഷണ സംഘം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടില്ല. പ്രശാന്തന്റേയും കളക്ടറുടേയും പ്രതിയുടേയും കോൾ ഡീറ്റെയിൽസ് എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയിൽ ഗുഢാലോചനയുണ്ട്. ആദ്യമില്ലാത്ത മൊഴിയാണ് പിന്നീട് പറയുന്നത്.
എനിക്ക് ഏറ്റവും വിശ്വാസമുള്ള ഓഫീസറായിരുന്നുവെന്നാണ് കളക്ടർ മൊഴിയിൽ പറയുന്നത്. കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് മൊഴി കൊടുത്ത പോലെ കളക്ടർ എന്തുകൊണ്ടാണ് നേരിട്ട് മൊഴി കൊടുക്കാത്തത്. കളക്ടറുടെ നിലപാട് ഇപ്പോഴും നവീൻ ബാബുവിന്റെ കുടുംബം സംശയത്തോടെയാണ് കാണുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.