KeralaNews

‘ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്; തുറന്നടിച്ച് വീണ്ടും കലക്ടര്‍ ബ്രോ എന്‍. പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോര് മൂര്‍ച്ഛിക്കുന്നതിനിടെ വീണ്ടും തുറന്നടിച്ച് കലക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍. പ്രശാന്ത് ഐ.എ.എസ്. ജനിച്ച് വീണതേ ഐ.എ.എസ് ആവും എന്ന് കരുതിയിട്ടല്ലെന്നും തന്റെ ജോലിയും കരിയറും തീര്‍ക്കാന്‍ മാത്രം ആരും കേരളത്തില്‍ ഇല്ലെന്നും എന്‍. പ്രശാന്ത് ഐ.എ.എസ് പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിശദീകരണം.

'നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളില്‍ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ' എന്നായിരുന്നു പോസ്റ്റിന് കീഴില്‍വന്ന കമന്റ്.

ഇതിന് താഴെ 'പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീര്‍ക്കാന്‍ മാത്രം ആരും കേരളത്തില്‍ ഇല്ല എന്നാണെന്റെ ഒരിത്' എന്ന് പ്രശാന്ത് മറുപടി നല്‍കി.

'സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ സംസാരിക്കാനാണ് ചട്ടങ്ങളില്‍ വിലക്ക്. മഞ്ഞപ്പത്രത്തില്‍ പാര്‍ട്ട് ടൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗ്സ്ഥനെക്കുറിച്ച് പൊസ്റ്റിടുന്നതിന് വിലക്കില്ല. ഡോ. ജയതിലക് റിപ്പോര്‍ട്ടറായി പാര്‍ട്ട് ടൈം ജോലി നോക്കുന്നത് ചട്ട ലംഘനമാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഇങ്ങനെ വലിയ വലിയ പാര്‍ട്ട് ടൈം കക്ഷികള്‍ ഉണ്ടത്രെ. പണ്ട് ഡോ. ജയതിലക് കോഴിക്കോട് കലക്ടര്‍ ആയിരുന്ന കാലം മുതല്‍ക്കുള്ള മാതൃഭൂമിയുമായുള്ള ഒത്തുകളിയും അഡ്ജസ്റ്റ്‌മെന്റും റവന്യു വകുപ്പില്‍ ഏവര്‍ക്കും അറിയാം' -പ്രശാന്ത് പറയുന്നു.

'അയാള് (ജയതിലക്) പോയി ആത്മഹത്യ ചെയ്താല്‍ സാറേ സാര്‍ അകത്ത് പോകും. അഴിമതി വിളിച്ച് പറയാന്‍ ആള്‍ക്കാര്‍ക്ക് പേടി ആണ് ഇപ്പൊള്‍. പോയി തൂങ്ങി ചത്താല്‍ പറയുന്നവര് അകത്ത് പോകും' എന്ന് ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'റിപ്പോര്‍ട്ടര്‍ ജയതിലക് അത്ര ലോലഹൃദയനോ' എന്ന് അദ്ദേഹം മറുപടി നല്‍കി.

'പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ നിങ്ങള്‍ ഐ.എ.എസുകാര്‍ക്ക് അസോസിയേഷന്‍ ഒന്നും ഇല്ലേ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പരസ്പരം വിഴുപ്പലക്കാന്‍ തുടങ്ങിയാല്‍ ഇതെവിടെ ചെന്ന് നില്‍ക്കും' എന്ന് മറ്റൊരാള്‍ ചോദ്യമുന്നയിച്ചപ്പോള്‍ 'മാതൃഭൂമി എന്ന മഞ്ഞപ്പത്രത്തില്‍ പാര്‍ട്ട് ടൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് പൊസ്റ്റിടുന്നത് വിഴുപ്പലക്കലാണൊ ജനങ്ങള്‍ സത്യം അറിയുന്നതില്‍ ആര്‍ക്കാണ് ബുദ്ധിമുട്ട്' -എന്നായിരുന്നു പ്രശാന്തിന്റെ മറുചോദ്യം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഫോട്ടോ സഹിതമാണ് ഇന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐ.എ.എസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്' എന്ന കുറിപ്പോടെയായിരുന്നു ഇത്.

'ബഹു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിനുപിന്നില്‍ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം. എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…' -എന്നായിരുന്നു പോസ്റ്റ്.

മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെയും ജയതിലകിനെതിരെയും ഇന്നലെ പ്രശാന്ത് രംഗത്തുവന്നിരുന്നു. 'സ്വയം കുസൃതികള്‍ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരില്‍ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓര്‍മ്മശക്തി ആരോ 'ഹാക്ക്' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ' എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം. സിവില്‍ സര്‍വിസ് ഉന്നതോദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളായിരുന്നു ഇതില്‍ വെളിപ്പെടുത്തിയത്.

താന്‍ ചെയര്‍മാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യുമായി ബന്ധപ്പെട്ട ഒരു പത്രവാര്‍ത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാര്‍ത്തക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. 'ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്' -പ്രശാന്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker