KeralaNews

മുനമ്പം വിഷയം: മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച നടത്തി; തെരഞ്ഞെടുപ്പിനുശേഷം പ്രശ്‌നപരിഹാരമെന്ന് ഉറപ്പ്‌

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം ഈ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമായി മാറുമെന്ന് ഉറപ്പാണ്. ഇതോടെ പ്രശ്‌നപരിഹാരത്തിനുള്ള വഴികളും ആലോചനയിലാണ്. വയനാട്ടിലും, ചേലക്കരയിലും അടക്കം മുനമ്പം വിഷയമായി മാറിക്കഴിഞ്ഞു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു രംഗത്തിറങ്ങുകയാണ്. സമര സമിതി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നവംബര്‍ 22 ന് ഉന്നതതല യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാനന്തവാടി തവിഞ്ഞാലില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ് ലഭിച്ചു. തെരഞ്ഞെടുപ്പു കൊട്ടിക്കലാശ വേളയിലാണ് ഇത്തരമൊരു നേട്ടീസ് എത്തിയത്. ഒക്ടോബര്‍ 10 ന് ലഭിച്ച പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 5.77 ഏക്കര്‍ വഖഫ് സ്വത്തില്‍ 4.7 ഏക്കര്‍ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്‌മത്ത്, രവി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഈ മാസം 16നുള്ളില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വയനാട്ടിലും മുനമ്പം പ്രതിഫലിക്കുമെന്ന സൂചനയാണ് കത്തോലിക്കാ സഭ നല്‍കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയിലെ 78 പള്ളികളിലും മാനന്തവാടി രൂപതയിലെ 40 പള്ളികളിലും ഞായറാഴ്ച പ്രതിഷേധം നടന്നു. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസാണ് ആഹ്വാനം ചെയ്തത്.

വയനാട് മണ്ഡലത്തില്‍ 20 ശതമാനത്തില്‍ ഏറെ ക്രൈസ്തവ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ആണ്. മണ്ഡലം പിറന്നശേഷം ഇതുവരെയും കോണ്‍ഗ്രസിന് ഒപ്പമായിരുന്നു ഇതില്‍ ഏറെയും. ഇതാണ് വന്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നിലുള്ള രഹസ്യവും.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തിലും ആണ് ക്രൈസ്തവ വോട്ടുകള്‍ ഗണ്യമായ രീതിയിലുള്ളത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ട് 5.7 ശതമാനത്തില്‍ നിന്നും 13 ലേക്ക് എത്തി. ഗണപതിവട്ടം എന്ന് പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലൂടെ വിവാദമായ സുല്‍ത്താന്‍ബത്തേരിയില്‍ കെ സുരേന്ദ്രന് 35,709 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. അഞ്ച് കൊല്ലം മുമ്പ് ഇത് 17,602 ആയിരുന്നു. അതായത് ഇരട്ടിയിലേറെ വര്‍ദ്ധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker