ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതിക്കു കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ കേരളത്തിനും തമിഴ്നാടിനും ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി.
മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേരളവും തമിഴ്നാടും സംയുക്ത യോഗം ചേരണം. മിനിട്ട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ടിനെക്കുറിച്ചു മേല്‍നോട്ട സമിതി തീരുമാനമെടുക്കും.
ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു.മേല്‍നോട്ട സമിതിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.