KeralaNews

എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍; ‘ഒരു വലിയ മനുഷ്യന്റെ വിയോഗം, ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആൾ’

കോഴിക്കോട് : അന്തരിച്ച സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു.

‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.  

വാക്കുകളെ നേഞ്ചേറ്റിയ കലാകാരന് വിട

ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ എം.ടി ഇനിയില്ല. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് വിയോഗം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. 91 ആം വയസിൽ വിടവാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിൽ ഇന്ന് പകൽ മുഴുവൻ അന്ത്യോപചാരം അർപ്പിക്കാം. ഉറ്റ ബന്ധുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ സിതാരയിലേക്ക് എത്തുന്നത്. എംടിയുടെ ആഗ്രഹപ്രകാരം വീട്ടിൽ മാത്രമായിരിക്കും അന്തിമ ദർശന സൗകര്യം. ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ പൊതുശ്മശാനത്തിൽ ആണ് സംസ്കാരം.

എംടിയോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും
മാറ്റിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker