FeaturedHome-bannerKeralaNews

മിഷൻ തണ്ണീർക്കൊമ്പൻ വിജയം;ആനയെ ലോറിയിൽ കയറ്റി,രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോകും

മാനന്തവാടി: തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. ഒരു പ്രദേശത്തെയാകെ മുള്‍മുനയിൽ നിര്‍ത്തിയ തണ്ണീർക്കൊമ്പനെ ലോറിക്കുളളിൽ കയറ്റി. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. കർണാടകയിലെ രാമപുരത്തെ ക്യാമ്പിലേക്ക് ആനയെ കൊണ്ടുപോകുകയാണ്.

 വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.

മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.

ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അറിയിച്ചു. 

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല.

രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി.

കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button