
കൊച്ചി: കൊച്ചിയിൽ സ്കൂൾ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്.
കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. കുട്ടിയെ കാണാതായതിനേ തുടർന്ന് രക്ഷിതാക്കൾ എളമക്കര പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ പറഞ്ഞിരുന്നു. കുട്ടി സ്കൂൾ വിട്ട് യൂണിഫോമിൽ സൈക്കിൾ ചവിട്ടി വീട്ടിലേക്കു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പച്ചാളം കാട്ടുങ്കൽ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാർഥിയെ കണ്ടത്.
അതിനുശേഷം കാണാതാകുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് വല്ലാർപാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.