പത്തനംതിട്ട: പതിനേഴുകാരിയെ അഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ അഞ്ചുപേരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ തങ്ങൾ എന്ന ബദർ സമൻ(62) ഉൾപ്പെടെയാണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസലിങിലാണ് പെൺകുട്ടി അതിക്രമ വിവരം വെളിപ്പെടുത്തിയത്.
പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി. പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദർ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമൻ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ എട്ടുപേർ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തന്റെ നഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും സ്കൂൾ അധികൃതരും ഇടപ്പെട്ടാണ് സംഭവം പോലീസിൽ അറിയിച്ചത്. നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാലുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വിദേശത്താണെന്നും പോലീസ് വ്യക്തമാക്കി.