തിരുവനന്തപുരം : ഐ എ എസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം.അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും.
നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും. കൃത്യമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടുപോകുമെന്നും കെ രാജൻ വ്യക്തമാക്കി.
മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എൻ പ്രശാന്തിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്കാണ് സർക്കാർ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമർശനം തുടരുകയാണ് പ്രശാന്ത്.
ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് സർവ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിൻറെ വെല്ലുവിളി.
ഒരു ഒത്ത് തീർപ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിൻറെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമൻുകളിൽ ജയതിലകിൻറെ വ്യക്തിപരമായ കാര്യങ്ങൾ വരെ പറഞ്ഞാണ് പ്രശാന്തിൻറെ വിമർശനം .