ക്യാമറയ്ക് മുന്നിൽ തിരിച്ചെത്തി മേഘ്നരാജ്
സാമൂഹികമാധ്യമങ്ങളിൽ ആരാധകരുടെ പ്രിയ താരമാണ് മേഘ്നരാജ്. ജൂനിയർ ചിരുവിനൊപ്പമുള്ള ഫോട്ടോകൾ താരം പങ്കുവക്കുമ്പോഴേല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഒരിടവേളക്ക് ശേഷം ക്യാമറക്ക് മുന്നിലേക്ക് മേഘ്ന തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. താരം തന്നെയാണ്
ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചത്.
ലൊക്കേഷനിൽ നിന്നുമുള്ള ചിത്രമാണ് മേഘ്ന പങ്കുവച്ചത്. ഷൂട്ടിങ് സ്ക്രിപ്റ്റ് വായിക്കുകയാണ് താരം.പരസ്യചിത്രത്തിലാണ് മേഘ്ന അഭിനയിക്കുന്നതെന്നാണ് സൂചന. ”ജൂനിയർ ചിരുവിന് ഒമ്പത് മാസം പ്രായമായി.ഒരു വർഷത്തിന് ശേഷം ക്യാമറക്ക് മുന്നിൽ എത്തി അത് ആഘോഷിക്കുന്നു. ആദ്യം മുതൽ തുടങ്ങുന്നു”- മേഘ്ന കുറിച്ചു.
ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ മരണം മേഘ്നയെപ്പോലെ ആരാധകരെയും
ഏറെ സങ്കടപ്പെടുത്തിയിരുന്നു. മേഘ്ന ഗർഭിണി ആയിരുന്നപ്പോഴാണ് സർജ മരിക്കുന്നത്. പിന്നാലെ മേഘ്നക്ക് മകൻ ജനിച്ചത് കുടുംബത്തിനൊപ്പം ആരാധകരും സന്തോഷത്തോടെ ഏറ്റെടുത്തു. മകനെ സർജയുടെ കൂറ്റൻ ഛായാചിത്രത്തിന് അരികെ പിടിച്ചാണ് മേഘ്ന സ്വീകരിച്ചത്.
ഭർത്താവിന്‍റെ ആഗ്രഹം പോലെ താൻ സന്തോഷവതിയായി ഇരിക്കുമെന്നും ഉടൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും മേഘ്ന തന്നെ വ്യക്തമാക്കിയിരുന്നു. സർജയുടെ അനുജൻ ധ്രുവും കുടുംബവും മേഘനയ്ക്ക് പിന്തുണയുമായി ഉണ്ട്.യക്ഷിയും ഞാനും ഉൾപ്പടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയായ മേഘ്നക്ക് മലയാള സിനിമാ ലോകത്തും അടുത്ത കൂട്ടുകാരുണ്ട്. നടൻ ഇന്ദ്രജിത്ത് കുഞ്ഞിനെക്കാണാൻ മേഘ്നയുടെ വീട്ടിലെത്തിയിരുന്നു. അഭിനയത്തിലേക്ക് തിരിച്ചെത്തിയ മേഘ്നയെ അഭിനന്ദിച്ച് അടുത്ത സുഹൃത്തായ നസ്രിയയും എത്തി. എന്‍റെ ചേച്ചി എന്ന് കമന്‍റ് ഇട്ടുകൊണ്ടാണ് നസ്രിയ പിന്തുണ അറിയിച്ചത്.